
ഇടുക്കി വാത്തിക്കുടി പഞ്ചായത്ത് ഓഫീസിൽ സംഘർഷം. പഞ്ചായത്ത് സെക്രട്ടറി വി. ജെ ജോജോയും, പൊതുപ്രവർത്തകൻ അഡ്വ. കെ കെ .മനോജുമായുണ്ടായ വാക്കു തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പൊതുപ്രവർത്തകനും മുൻ എസ് സി എസ് ടി കമ്മീഷൻ അംഗവുമായ അഡ്വ. കെ കെ മനോജിന്റെ മാതാവിന്റെ പേരിൽ അനുവദിച്ച വീടിൻറെ എഗ്രിമെന്റ് വയ്ക്കുന്നതിനായി പഞ്ചായത്ത് ഓഫീസിൽ എത്തിയപ്പോഴാണ് പഞ്ചായത്ത് സെക്രട്ടറി വി. ജെ ജോജോയുമായി വാക്കുതർക്കമുണ്ടായത്. എഗ്രിമെൻ്റ് ഒപ്പിടുന്നതിന് ആവശ്യമായ രേഖകൾ പര്യാപ്തമല്ലന്നും എഗ്രിമെന്റ് വയ്ക്കാൻ കഴിയില്ലെന്നും സെക്രട്ടറി വി. ജെ ജോജോ മനോജിനേയും, മാതാവിനേയും അറിയിച്ചതോടെയാണ് സംഘർഷമുണ്ടായത്.
ഇതിനോടകം നിരവധി തവണ വീടിന് ആവശ്യമായ രേഖകൾ ഹാജരാക്കിയെങ്കിലും നടപടികൾ പൂർത്തിയാക്കുവാൻ സെക്രട്ടറി തയ്യാറായില്ലെന്നും ഇന്ന് തൻ്റെ മാതാവിനെ കൂട്ടി ഓഫീസിലെത്തികാര്യങ്ങൾപറഞ്ഞു ധരിപ്പിക്കുന്നതിനിടെ സെക്രട്ടറി തനിക്കും മാതാവിനും നേരെ അനാവശ്യ വാക്കുകൾ പ്രയോഗിക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്തുവെന്ന് ഇടുക്കി മെഡിക്കൽ കോളജിൽ ചികിൽസ തേടിയ അഡ്വ. കെ. കെ. മനോജ് പറഞ്ഞു.
അതേസമയം വീടിന് എഗ്രിമെൻറ് വയ്ക്കുന്നതിനായി സ്ഥലത്തിൻറെ കൈവശാവകാശ രേഖ ഉൾപ്പെടെയുള്ളവയുടെ പോരായ്മ പറഞ്ഞു മനസ്സിലാക്കുകയാണ് താൻ ചെയ്തതെന്നും ഇക്കാര്യം സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി തന്നെ ആക്രമിക്കുകയും ജോലി തടസ്സപ്പെടുത്തുന്ന വിധം ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തുവെന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയുന്ന പഞ്ചായത്ത് സെക്രട്ടറി ബി ജെ ജോജോയും പറഞ്ഞു.
സംഭവത്തെ തുടർന്ന് ഓഫീസ് അടച്ച് ജീവനക്കാർ പുറത്ത് പ്രതിഷേധം രേഖപ്പെടുത്തി. മുരിക്കാശ്ശേരി പോലീസും സ്ഥലത്തെത്തിയിരുന്നു. ഇവരും ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.