HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഉറങ്ങിക്കിടന്ന യുവാവിന്റെ മൂക്കിലൂടെ കയറിയത് പാറ്റ, ശ്വാസനാളത്തിൽ കുടുങ്ങി, ​ഗുരുതരാവസ്ഥയിലെത്തിയത് ഇങ്ങനെ

ഉറങ്ങിക്കിടന്ന യുവാവിന്റെ മൂക്കിലൂടെ കയറിയത് പാറ്റ, ശ്വാസനാളത്തിൽ കുടുങ്ങി

പല വീടുകളിലും കാണപ്പെടുന്ന ശല്യക്കാരായ ജീവികളിൽ ഒന്നാണ് പാറ്റകൾ.  ഭക്ഷണസാധനങ്ങളിലും പാത്രങ്ങളിലും ഒക്കെ കയറിക്കൂടി പണി തരുന്നതാണ് സാധാരണയായി പാറ്റകളെ കുറിച്ച് കേട്ടിട്ടുള്ള പ്രധാന പരാതി. എന്നാൽ, കഴിഞ്ഞ ദിവസം ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവത്തിൽ ഒരു ചെറിയ പാറ്റ കാരണം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തി ഒരു മനുഷ്യൻ. രാത്രി ഉറങ്ങിക്കിടന്നപ്പോൾ മൂക്കിലൂടെ കയറിയ പാറ്റ ഇദ്ദേഹത്തിന്റെ ശ്വസനനാളത്തിൽ കുടുങ്ങുകയായിരുന്നു. 


ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ താമസക്കാരനായ ഹൈക്കൗ എന്ന 58 -കാരൻറെ മൂക്കിലാണ് ഉറങ്ങിക്കിടന്നപ്പോൾ പാറ്റ കയറിയത്. മൂക്കിൽ കുടുങ്ങിപ്പോയ പാറ്റ ഇദ്ദേഹം ശ്വാസം എടുത്തപ്പോൾ അകത്തേക്ക് കയറിയതായിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത തോന്നി ഹൈക്കൗ ഉണർന്നപ്പോൾ തൊണ്ടയ്ക്കുള്ളിലേക്ക് എന്തോ അരിച്ചിറങ്ങുന്നതുപോലെ ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് അസ്വസ്ഥത തോന്നാതിരുന്നത് കൊണ്ട് അത് കാര്യമാക്കാതെ വീണ്ടും ഉറങ്ങി. പിറ്റേന്ന്  ഉണർന്നപ്പോൾ വായിൽ നിന്നും അതിരൂക്ഷമായ ഒരു ഗന്ധം അനുഭവപ്പെട്ടു. 


തുടർന്ന് നാൾക്കുനാൾ അദ്ദേഹത്തിൻറെ ആരോഗ്യനില വഷളായി വന്നു. അതികഠിനമായ ചുമ അനുഭവപ്പെട്ടതോടെ മൂന്നു ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം ഡോക്ടറെ കാണാൻ തീരുമാനിച്ചു. തുടർന്ന് നടത്തിയ സിടി സ്കാനിലാണ് ശ്വസനനാളത്തിൽ കുടുങ്ങിയ നിലയിൽ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഒരു മണിക്കൂര്‍ നീണ്ട മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം അഴുകിയ അവസ്ഥയിലിരുന്ന പാറ്റയെ പുറത്തെടുത്തു. ഹൈക്കൗവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 


മെഡിക്കൽ നടപടിക്രമങ്ങൾക്കും നേതൃത്വം കൊടുത്ത  ഡോ. ലിംഗ് ലിംഗ് ഇത്തരമൊരു അനുഭവം തന്റെ ജീവിതത്തിൽ ആദ്യമാണെന്നാണ് വെളിപ്പെടുത്തിയത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങൾക്ക് പ്രധാന കാരണം ചെറിയ ചെറിയ കാര്യങ്ങളിൽ കാണിക്കുന്ന അശ്രദ്ധയാണെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA