HONESTY NEWS ADS

 HONESTY NEWS ADS


റോഡിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ; കാനന പാതയുടെ നവീകരണം കാത്ത് അഞ്ചുരുളി നിവാസികൾ

ഇടുക്കി: കാനന പാതയുടെ നവീകരണം കാത്ത് അഞ്ചുരുളി നിവാസികൾ

കുടിയേറ്റത്തോളം പഴക്കമുള്ള കാനന പാതയുടെ നവീകരണം കാത്ത് അഞ്ചുരുളി ആദിവാസി കോളനി നിവാസികൾ. ഇടുക്കി ജലാശയത്തിന്‍റെ വൃഷ്ടി പ്രദേശത്തോട് ചേർന്ന് വനമേഖലയോട് ചേർന്ന് കഴിയുന്ന അഞ്ചുരുളി ആദിവാസി കുടിയിലെ റോഡിനാണ് പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും പരിഹാരമില്ലാതെ തുടരുന്നത്. അഞ്ചുരുളി  ആദിവാസി സങ്കേതത്തിലേക്കുള്ള പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളുവിന് നിവേദനം നൽകി പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് ഊര് നിവാസികൾ.


കാഞ്ചിയാർ പഞ്ചായത്തിലെ ഏക പട്ടികവർഗ്ഗ സങ്കേതമാണ് അഞ്ചുരുളി സെറ്റിൽമെന്‍റ്. ജില്ലയിലെ പാതകളെല്ലാം ഹൈടെക് നിലവാരത്തിലേക്ക് ഉയർന്നിട്ടും  ചെളികുണ്ടിലൂടെ മാത്രമായിരുന്നു മേഖലയിലെ നൂറുകണക്കിന് ആളുകളുടെ യാത്രാമാർഗ്ഗം. 50  ആദിവാസി കുടികളാണ് ഇവിടെയുള്ളത്. ഇതിൽ 200 ലധികം ആളുകളും താമസിക്കുന്നു. വർഷങ്ങളായി പുറം ലോകവുമായി ബന്ധപ്പെടാൻ ആകെയുള്ളത് മൺ പാത മാത്രമാണ്. 


മഴ പെയ്യുന്നതോടെ ഈ വഴികളിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമാകുന്ന സാഹചര്യത്തിൽ അടുത്ത നാളുകളിലായി വാർഡ് ഫണ്ട് ഉപയോഗിച്ച് മണ്ണിട്ട് നിരത്തുന്നത് പതിവാണ്. എന്നാൽ ഇതൊന്നും ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിയില്ല. യാത്ര ക്ലേശം രൂക്ഷമായ ഏതാനും ഇടങ്ങളിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു. എന്നാൽ ഏഴു കിലോമീറ്റർ അധികം ദൈർഘ്യമുള്ള പാതയിൽ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് ഒഴിച്ചാൽ ബാക്കിയുള്ളവ  തീർത്തും യാത്രായോഗ്യമല്ല.


ഏകദേശം ആറു മാസം മുമ്പ് ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ്  അടക്കം പട്ടികവർഗ്ഗ ഡയറക്ടറേറ്റ് ഓഫീസിൽ നൽകിയിരുന്നു.  എന്നാൽ നാളിതുവരെയായി യാതൊരുവിധ തുടർനടപടിയോ അറിയിപ്പുകളോ ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് കക്കാട്ടുകട അഞ്ചുരുളി കോളനി റോഡിൽ ഭാസിക്കാട് മുതൽ അഞ്ചുരുളി സെറ്റിൽമെന്റ് വരെ കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികവർഗ്ഗ വകുപ്പു മന്ത്രി ഓ ആർ കേളുവിന് കാഞ്ചിയാർ പഞ്ചായത്ത് അധികൃതർ നിവേദനം നൽകിയത്.


പലപ്പോഴും രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഏഴു കിലോമീറ്റർ യാത്രയ്ക്ക് വേണ്ടിവരുന്നത് മണിക്കൂറുകളാണ്. ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും ഇവിടേക്ക് കടന്നു വരാനും ഏറെ ബുദ്ധിമുട്ടാണ്.  കൃത്യസമയത്ത് ആശുപത്രിയിലെത്താൻ സാധിക്കാതെ മരണം സംഭവിച്ചിട്ടുമുണ്ട്. അതോടൊപ്പം റോഡിന്റെ ശോച്യാവസ്ഥയാൽ മേഖലയിലെ നിരവധി കുട്ടികൾ പഠനം പോലും നിർത്തി. മന്ത്രിക്കടക്കം നിവേദനം നൽകിയ സാഹചര്യത്തിൽ  അഞ്ചുരുളി സെറ്റിൽമെന്റ് റോഡിന് ശാപമോക്ഷം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് അധികൃതരും മേഖലയിലെ നിരവധിയായ കുടുംബങ്ങളും.


MAYOORA SILKS CHERUTHONI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS