എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണവുമായെത്തിയ വാഹനത്തിന്റെ ചില്ല് തകര്‍ത്ത് അരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ തമിഴ്‌നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു. തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗം റാംജി നഗര്‍ സ്വദേശി മുത്തുകുമാരന്‍ എന്ന മുത്തുവിനെയാണ് (47) മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. മല്‍പ്പിടിത്തത്തിലൂടെയാണ് ഇന്‍സ്പെക്ടര്‍ ടോള്‍സണ്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിരുച്ചിറപ്പള്ളി രാംജി നഗറിലെ മില്‍ കോളനിയില്‍നിന്ന് പ്രതിയെ കീഴടക്കിയത്.
കേസ് അന്വേഷിച്ച മഞ്ചേശ്വരം പോലീസിന് തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍നിന്നുള്ള മൂന്നംഗ സംഘമാണ് മോഷണത്തിന് പിറകിലെന്നു മനസ്സിലായിരുന്നു. സമാന രീതിയില്‍ മംഗളൂരുവിലും ഇവര്‍ മോഷണം നടത്തിയിരുന്നു. എന്നാല്‍ ഈ മോഷണത്തില്‍ കേസെടുത്തിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞു. മോഷണത്തിന് ശേഷം ഉപ്പളയില്‍നിന്ന് ഓട്ടോയില്‍ മംഗളൂരുവിലേക്ക് കടന്ന സംഘം അവിടെനിന്നാണ് തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടത്
മാര്‍ച്ച് 27-ന് വൈകീട്ട് 3.30-നാണ് കവര്‍ച്ച നടന്നത്. ഉപ്പള ടൗണിലെ ആക്സിസ് ബാങ്കിലെ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ പണവുമായെത്തിയ വാഹനത്തിന്റെ ചില്ല് തകര്‍ത്താണ് പണമടങ്ങിയ ബാഗുമായി മോഷ്ടാവ് കടന്നത്.