HONESTY NEWS ADS

കുടുംബത്തിന് താങ്ങാകാൻ പ്രവാസിയായി, താമസിച്ചിരുന്ന കെട്ടിടത്തിൻറെ നാലാം നിലയില്‍ നിന്നും താഴെ വീണു; ഇടുക്കി തങ്കമണി സ്വദേശിയായ യുവാവിന് ദുരിതം

ഇടുക്കി സ്വദേശിയായ യുവാവിന് ദുരിതം

അസൈർ ബൈജാനിലെ കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് പരിക്കേറ്റ് മലയാളി യുവാവിനെ ചികിത്സക്കായി നാട്ടിലെത്തിക്കാൻ വേണ്ടി ലക്ഷങ്ങള്‍ കണ്ടത്താനാകാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. വീടിനും വീട്ടുകാർക്കും താങ്ങാകാൻ വിദേശത്ത് ജോലിക്കു പോയ ഇടുക്കി തങ്കമണി നീലിവയല്‍ സ്വദേശി അബിൻ ടോമിയാണ് അപകടത്തില്‍പ്പെട്ട് കിടപ്പിലായത്.


പതിനൊന്നു മാസം മുൻപാണ് നീലിവയല്‍ സ്വദേശി വെട്ടിയാങ്കല്‍ ടോമിയുടെ മകൻ അബിൻ ജോലിക്കായി അസർബൈജാനിലേക്ക് പോയത്. അവിടുത്തെ ഹോട്ടലില്‍ ഷെഫായാണ് ജോലി ലഭിച്ചത്. താമസിച്ചിരുന്ന കെട്ടിടത്തിൻറെ നാലാം നിലയില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് അബിൻ താഴെ വീണത്. ഗുരുതരമായി പരുക്കേറ്റ് അത്യാസന്ന നിലയിലായ യുവാവിനെ ഗബാല ഹോസ്പിറ്റലില്‍ ചികിത്സക്ക് പ്രവേശിപ്പിച്ചിരുന്നു. ചികിത്സകള്‍ക്കായി ഇതിനോടകം ലക്ഷങ്ങള്‍ ചിലവായി.


തണുപ്പ് കാലമായതിനാല്‍ യുവാവിനെ നാട്ടിലേക്ക് കൊണ്ടുവരാൻ ചികിത്സിച്ചിരുന്ന ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് അസർബൈജാൻ എയർപോർട്ടില്‍ എത്തിച്ചു. ഡോക്ടറില്ലാതെ വിമാനത്തില്‍ അയക്കാനാകില്ലെന്ന് അധികൃതർ അറിയിച്ചു. ഡോക്ടറെയും കൂടെ വരാൻ സഹായിയെയും തയാറാക്കിയപ്പോഴേക്കും ടിക്കറ്റ് റദ്ദായി. നിലവില്‍ എയർപോർട്ട് ക്ലിനിക്കില്‍ ലക്ഷങ്ങളാണ് ചികിത്സയ്ക്ക് ചെലവാകുന്നത്. അതിനാല്‍ ശസ്ത്രക്രിയ പോലും മാറ്റി വച്ചു. നാട്ടിലെത്തിച്ച്‌ ശസ്ത്രകിയ ഉള്‍പ്പെടെയുള്ള തുടർ ചികിത്സയ്ക്കും വിമാന ടിക്കറ്റിനും മറ്റും വേണ്ട പണം കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ് കുടുംബം. അബിൻറെ പിതാവ് ടോമി ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന തുച്ഛമായ തുക കൊണ്ടാണ് കുടുംബം കഴിയുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS