HONESTY NEWS ADS

 HONESTY NEWS ADS


ഒന്നിച്ച് മടക്കം; വിട ചൊല്ലാൻ ആയിരങ്ങൾ ഒഴുകിയെത്തി, 4 പെൺകുട്ടികൾക്കും തുമ്പനാട് ജുമാ മസ്ജിദിൽ അന്ത്യനിദ്ര

ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു

പാലക്കാട് പനയമ്പാടത്ത് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച 4 പെൺകുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാ മസ്ജിദിൽ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെൺകുട്ടികളെ ഖബറടക്കിയത്. വിദ്യാർത്ഥികളെ അവസാന നോക്കുകാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു. 


പൊതുദർശനത്തിന് വെച്ച ഹാളിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി ശിഹാബ് തങ്ങൾ മയ്യത്ത് നമസ്ക്കാരത്തിന് നേതൃത്വം നൽകി. പികെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണൻ കുട്ടി, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.


അതേസമയം, അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറൻസിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാർത്ഥിനികളാണ്  മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. 


സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്പാ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാർ പറയുന്നു. നാളിതുവരെ 55 അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ 2022 ൽ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ൽ വിഷുവിന് ഇവിടെ 2 പേർ മരിച്ചിരുന്നു. മഴ പെയ്താൽ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാർ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഇവിടെ റോഡിൻ്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങൾക്ക് കുറവൊന്നും ഉണ്ടായിട്ടില്ല. 


പള്ളിപ്പുറം വീട്ടിൽ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പെട്ടേത്തൊടിയിൽ വീട്ടിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവുളേങ്ങൽ വീട്ടിൽ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ വീട്ടിൽ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ആയിഷ എന്നിവരാണ് മരിച്ച വിദ്യാർത്ഥിനികൾ.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS