HONESTY NEWS ADS

 HONESTY NEWS ADS


'ഞാൻ ഷെഫീക്കിന്‍റെ അമ്മ തന്നെ, എന്‍റെ ജീവിതവും അവനാണ്'; നീണ്ട 11 വർഷങ്ങൾ, ഷെഫീക്കിന് തണലായി കൂടെയുണ്ട് രാഗിണി

'ഞാൻ ഷെഫീക്കിന്‍റെ അമ്മ തന്നെ, എന്‍റെ ജീവിതവും അവനാണ്'; നീണ്ട 11 വർഷങ്ങൾ, ഷെഫീക്കിന് തണലായി കൂടെയുണ്ട് രാഗിണി

ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇന്ന് കോടതി ശിക്ഷാവിധി പറയാനിരിക്കെ കഴിഞ്ഞ 11 വര്‍ഷമായി ഷെഫീഖിന്‍റെ  കൂടെയുണ്ട് രാഗിണിയെന്ന നഴ്സ്. ഷഫീഖിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഇപ്പോഴും തണലായി കൂടെയുള്ള രാഗിണിയും കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ കിട്ടുമെന്ന ഉറച്ച പ്രതീക്ഷയിലാണ്. ഷെഫക്കന്‍റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. സംഭവം നടന്ന് 11 വർഷങ്ങൾക്ക് ശേഷമാണ് ഇടുക്കി ഒന്നാംക്ലാസ് അഡീഷണൽ മജിസ്ട്രേറ്റ് കോടതി വിധി പറയുന്നത്.


പട്ടിണിക്കിട്ടും ക്രൂരമായി മർദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. 2013 ജൂലൈ 15നാണ് ക്രൂരമായ മർദ്ദനത്തെ തുടർന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദൃക് സാക്ഷികളില്ലാതിരുന്ന കേസിൽ മെഡിക്കൽ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷൻ വാദം പൂർത്തിയാക്കിയത്. വ‍ർഷങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും, തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വള‍‍ർച്ചയെ സാരമായി ബാധിച്ചു.


തമ്പുരാന്‍റെ വിധി പ്രകാരം ഷഫീഖ് എന്‍റെ കൊച്ചായെന്നും അവനെ കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികള്‍ക്ക് തക്കതായ ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഷഫീഖിനെ കഴിഞ്ഞ 11 വര്‍ഷങ്ങളായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. അവന് ഇപ്പോഴും സ്വന്തമായി ഒന്നും ചെയ്യാനാകില്ല. നടക്കാനുമാകില്ല. ജീവിതവസാനം വരെ മരുന്ന് കഴിക്കണം. തന്‍റെ കാലം വരെയും അവനെ നോക്കും. ഇപ്പോഴും കൊച്ചുകുട്ടികളെ പോലെ തന്നെയാണ് പെരുമാറ്റം. പ്രാഥമിക കൃത്യങ്ങള്‍ പോലും ഇപ്പോഴും സ്വന്തം ചെയ്യാനാകില്ല. അതെല്ലാം സ്വന്തം കുഞ്ഞിന്‍റെ എന്ന നിലയിൽ തന്നെയാണ് ചെയ്യുന്നത്.


അവൻ ഇപ്പോള്‍ എന്‍റെ കൊച്ച് തന്നെയാണ്. വെല്ലൂരിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ അനങ്ങാതെ കിടക്കുമെന്നായിരുന്നു പറഞ്ഞത്. പിന്നീട് വീണ്ടും വെല്ലൂര്‍ കൊണ്ടുപോയുള്ള ചികിത്സയ്ക്കുശേഷം കുറെകൂട്ടി മെച്ചപ്പെട്ടു. ഇപ്പോഴും വെല്ലൂരിലെ ചികിത്സാ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ലോകത്തെ എല്ലാ മലയാളികളുടെയും പ്രാര്‍ത്ഥനയും ഷഫീഖിന്‍റെ കൂടെയുണ്ടായിരുന്നു. ഈ ആഗസ്റ്റിൽ 17 വയസ് തികയും. ഇപ്പോള്‍ എടുത്തിരുത്തി കഴിഞ്ഞാൽ ഇരിക്കും. എല്ലാ കാര്യങ്ങളും ഞാൻ തന്നെ ചെയ്തുകൊടുക്കണം. സംരക്ഷണം നൽകുന്ന അൽഅസ്ഹര്‍ മാനേജ്മെന്‍റിനോടാണ് വലിയ നന്ദിയും കടപ്പാടമുള്ളത്.


അവരുടെ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഷെഫീഖിനെ  കാണുന്നത്. മുന്നിലും പിന്നിലും ആളുകള്‍ കൂടെയുള്ളതുകൊണ്ടാണ് ഇപ്പോഴും പിടിച്ചുനിൽക്കുന്നത്. മാധ്യമപ്രവര്‍ത്തകരും മറ്റു അധികൃതരുമെല്ലാം നൽകിയ പിന്തുണയാണ് ഊര്‍ജം. ‌ഞാൻ അവന്‍റെ അമ്മ തന്നെയാണ്. എന്‍റെ ജീവിതം തന്നെയാണ് ഞാൻ വളര്‍ത്തുന്ന കുഞ്ഞുങ്ങള്‍. പെറ്റമ്മയായിട്ടാണ് ഷെഫീക്ക് എന്നെ സ്വീകരിച്ചിട്ടുള്ളത്. അവനെ ഞാൻ വേണ്ടെന്ന് വെച്ചാൽ മറ്റുള്ളവരും ഞാനും തമ്മിൽ വ്യത്യാസമാണുള്ളത്. എന്നെ ജോലിയായിട്ടാണ് ഇത് ഏല്‍പ്പിച്ചിട്ടുള്ളതെങ്കിലും എന്‍റെ പൊന്നു ഇപ്പോള്‍ എന്‍റെ എല്ലാമാണ്. അവൻ തന്നെയാണ്. എന്‍റെ ജീവിതം കോടതിയിൽ നല്ല വിശ്വാസമുണ്ട്. അതിനാൽ തന്നെ കുറ്റവാളികള്‍ക്ക് തക്കധായ ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും രാഗിണി പറഞ്ഞു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS