GOODWILL HYPERMART

GOODWILL HYPERMART NEDUMKANDAM

 

പൊലീസ് ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടി; മൂന്ന് പേർ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍

പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. പാലക്കാട് തച്ചനാട്ടുകാര, നാട്ടുകല്‍ സ്വദേശിയായ പുതിയ വീട്ടില്‍ സിയാദ് (37), മുല്ലശേരി സ്വദേശികളായ രായന്മാരാക്കാര്‍ വീട്ടില്‍ മുഹമ്മദ് സാലിഹ് (33), രായന്മാരാക്കാര്‍ വീട്ടില്‍ ഷിഹാബ് (43) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നിര്‍ദേശപ്രകാരം അസി. കമ്മീഷണര്‍ സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ഈസ്റ്റ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.


2024 ഡിസംബർ 16നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അസം സ്വദേശിയെ മൂന്ന് പേര്‍ ശക്തന്‍ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റുകയും പണം ചോദിച്ച് മര്‍ദ്ദിക്കുകയുമായിരുന്നു. മഫ്തിയിലുള്ള പൊലീസ് ഉദ്യോഗസ്ഥരാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് അസാം സ്വദേശി ഇക്കാര്യത്തിന് തൃശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.


അന്വേഷണത്തില്‍ പൊലീസിന്റേതിനു സമാനമായ ബ്രൗണ്‍ ഷൂ, കാക്കി പാന്റ് എന്നീ മഫ്തി വേഷവിധാനങ്ങളോടെ തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ അന്യസംസ്ഥാന തൊഴിലാളികളെ തട്ടിപ്പുസംഘം ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കാന്‍ തുടങ്ങിയതായി മനസിലാക്കി. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണ ചുമതല അസി. കമ്മീഷണറിനെ ഏൽപ്പിക്കുകയും ചെയ്തു. എ.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രഹസ്യമായി അന്വേഷണം നടത്തുന്നതിനിടയില്‍ കേസിലെ ഒരു പ്രതിയായ സിയാദ് പോണ്ടിച്ചേരിയില്‍ ഉണ്ടെന്ന് മനസിലാക്കി. അതിനിടെ പ്രതി പോണ്ടിച്ചേരിയില്‍ നിന്ന് എറണാകുളത്തെ ഒളി‌സങ്കേതത്തിലേക്ക് മാറുന്നതിനിടയില്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയായ സിയാദിനെ കലൂരിലെ ലോഡ്ജില്‍ വെച്ച് പിടികൂടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മറ്റ് രണ്ട് പേരെ തൃശൂര്‍ എളവള്ളിയില്‍ നിന്നും പിടികൂടുകയും ചെയ്തു.  


ഈസ്റ്റ് പൊലീസ് ഇന്‍സ്‌പെ്കടര്‍ എം.ജെ. ജിജോ, ഈസ്റ്റ് സബ് ഇന്‍സ്‌പെ്കടര്‍മാരായ ബിപിന്‍ പി. നായര്‍, രാജേഷ്, അസി. സബ് ഇന്‍സ്‌പെക്ടര്‍മാരായ രജീഷ്, സന്ദീപ് സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹരീഷ്, ദീപക്, സൂരജ്, അജ്മല്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.