HONESTY NEWS ADS

 HONESTY NEWS ADS


ഏറ്റുമാനൂരില്‍ അമ്മയും മക്കളും ജീവനൊടുക്കിയ സംഭവം; ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം.


ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈൽ ഫോൺ പരിശോധിച്ച് കൂടുതൽ തെളിവ് ശേഖരിക്കാൻ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭർത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയേക്കും. നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ ഇന്ന് രാവിലെ 11 മണിയോടുകൂടി ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി പരിഗണിക്കും.


ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.


ബിഎസ്‌സി നഴ്‌സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു.


അമ്മയും മക്കളും ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര വീഴ്ചയാണ് ക്നാനായ സഭയുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടയം മള്ളൂശ്ശേരി സെന്റ് തോമസ് ക്നാനായ പള്ളി ഇടവകക്കാർ പ്രതിഷേധിച്ചിരുന്നു. ഷൈനിക്കൊരു ജോലി നൽകാൻ സഭയ്ക്ക് കഴിയുമായിരുന്നു. എന്നിട്ടും സഭാ നേതൃത്വം ഒരു രീതിയിലും ഇടപെട്ടില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS