
ഇടുക്കി തൊടുപുഴയില്‍ ബാറില്‍ ആളുമാറി പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യപൻ്റെ ആക്രമണം. പുറപ്പുഴ സ്വദേശി രജീഷ് രാജനാണ് ആക്രമണം നടത്തിയത്. തലക്ക് പരിക്കേറ്റ മ്രാല സ്വദേശി സുനില്‍ എന്ന പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. ആക്രമിക്കെതിരെ പൊലീസ് വധശ്രമത്തിലെ കേസെടുത്തു. തൊടുപുഴ നഗരത്തിലെ ജെമിനി ബാറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.
പ്രതിയായ പുറപ്പുഴ സ്വദേശി രജീഷ് രാജന്, ബാറിലെ ഒരു ജീവനക്കാരനുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഞായറാഴ്ച ബാറില്‍ എത്തിയ രജീഷ് മദ്യപിച്ച ശേഷം ഈ ജീവനക്കാരനോട് വാക്ക് തർക്കത്തില്‍ ഏർപ്പെട്ടു. ബിയർ കുപ്പിയുമായി ആക്രമിക്കാൻ ശ്രമിക്കുന്ന രജീഷിനെ മറ്റൊരു ജീവനക്കാരൻ പിടിച്ച് മറ്റുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. ഇതിനിടെയാണ് സുഹൃത്തുക്കളെ കാണാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ സുനിലിനെ ആക്രമിക്കുന്നത്. ഇദ്ദേഹത്തിനും ബാറിലെ ജീവനക്കാരനും കാഴ്ചയില്‍ ചില സാമ്യങ്ങള്‍ ഉണ്ടായിരുന്നു. രജീഷ് നേരത്തെ ബിയർ കുപ്പി ഉപയോഗിച്ച് സുനിലിന്റെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു.
സമീപത്തുണ്ടായിരുന്ന മറ്റുചില കുപ്പികളും സുനിലിൻ്റെ ദേഹത്തേക്ക് എറിഞ്ഞു. രജീഷിന് വൈരാഗ്യമുള്ള ബാറിലെ ജീവനക്കാരനായ വ്യക്തിയാണ് സുനില്‍ എന്ന് തെറ്റിദ്ധരിച്ചാണ് മർദ്ദനം നടത്തിയത് എന്ന് മൊഴി നല്‍കിയിട്ടുണ്ട്. വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത രജീഷിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.