HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പത്തനംതിട്ടയിലെ നവജാതശിശുവിന്‌റെ മരണം; 21-കാരിയായ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തും

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും

പത്തനംതിട്ട മെഴുവേലിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മാതാവിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് തീരുമാനം. കുഞ്ഞിനെ വലിച്ചെറിഞ്ഞപ്പോള്‍ തലയ്ക്ക് പരിക്കേറ്റതാകാം എന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലം ഫോറന്‍സിക് സര്‍ജന്‍ അടുത്തയാഴ്ച സന്ദര്‍ശിക്കും. 21-കാരിയായ മാതാവില്‍ നിന്നും ഇലവുംതിട്ട പൊലീസ് മൊഴിയെടുത്തിരുന്നു. കൗണ്‍സിലിങ്ങിനിടെ നല്‍കിയ മൊഴിയില്‍ നിന്നും വിരുദ്ധമായാണ് മാതാവ് മൊഴി നല്‍കിയത്.


കുഞ്ഞുമായി നിലത്ത് വീണുവെന്നാണ് 21-കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു. കൗണ്‍സിലിങ്ങിനിടെയായിരുന്നു ഈ മൊഴി. പ്രസവശേഷം കുഞ്ഞിനെ കൊലപ്പെടുത്താനായി വായും മൂക്കും പൊത്തിപ്പിടിച്ചുവെന്നും കുഞ്ഞിന് അനക്കമില്ലാതായപ്പോള്‍ അടുത്ത പുരയിടത്തില്‍ കൊണ്ടുപോയി കളഞ്ഞുവെന്നും യുവതി കൗണ്‍സിലിങ്ങിനിടെ വ്യക്തമാക്കിയിരുന്നു. പ്രസവിക്കുന്ന സമയം ആരും ഒപ്പമുണ്ടായിരുന്നില്ലെന്നും വീട്ടുകാര്‍ക്ക് താന്‍ ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞിരുന്നു. മാതാവിന്റെ മെഴുവേലി ആലക്കോട്ടെ വീടിന് പുറകുവശത്തെ പുരയിടത്തിലാണ് നവജാത ശിശുവിന്റെ മൃതദേഹം രണ്ട് ദിവസം മുന്‍പ് കണ്ടെത്തിയത്. മാതാപിതാക്കളാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതി ആദ്യം കിടങ്ങന്നൂരിലെ ഒരു ക്ലിനിക്കില്‍ ചെന്നുവെന്നും പ്രസവിച്ച വിവരം ഒളിച്ചുവെച്ചുകൊണ്ട് രക്തസ്രാവം, തലകറക്കം, ക്ഷീണം എന്നീ അസ്വസ്ഥതകള്‍ മാത്രമാണ് തനിക്ക് ഉള്ളതെന്നുമാണ് പറഞ്ഞതെന്നും ചികിത്സ നല്‍കിയ ചെങ്ങന്നൂര്‍ ഉഷാ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ ലക്ഷ്മി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.


തുടര്‍ന്ന് കിടങ്ങന്നൂരിലെ ആശുപത്രിയിലെ ഡോക്ടര്‍ തന്നെ വിളിച്ച് രക്തസ്രാവം നില്‍ക്കാന്‍ ഏത് മരുന്നു നല്‍കണമെന്ന് ചോദിക്കുകയും മരുന്ന് താന്‍ ഫോണില്‍ കൂടി പറഞ്ഞു കൊടുത്തുവെന്നും ലക്ഷ്മി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. എന്നാല്‍ രക്തസ്രാവം നില്‍ക്കാത്തതിനെ തുടര്‍ന്ന് യുവതി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിടങ്ങന്നൂരിലെ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ ചെങ്ങന്നൂരിലെ ഉഷ ഹോസ്പിറ്റലില്‍ തന്നെ കാണാനെത്തുകയായിരുന്നുവെന്നും ഡോക്ടര്‍ ലക്ഷ്മി പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ യുവതിയുടെ ഹീമോഗ്ലോബിന്‍ ലെവല്‍ ഏഴും ബ്ലഡ് കൗണ്ട് 33,000വും ആയിരുന്നു.


വിശദ പരിശോധനയിലാണ് പ്രസവത്തെ തുടര്‍ന്നുള്ള ബ്ലീഡിങ് ആണെന്ന് മനസ്സിലായത്. ഡോക്ടര്‍ വീണ്ടും ഇതേപറ്റി ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഗര്‍ഭിണിയായിരുന്നു എന്നുപോലും യുവതി സമ്മതിച്ചിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. നിരന്തരമായി ചോദിച്ചിട്ടും കുട്ടി എവിടെയാണെന്നോ എന്ത് ചെയ്തുവെന്നോ യുവതി മറുപടി നല്‍കിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. എന്നാല്‍ താന്‍ വീണ്ടും ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ കുഞ്ഞിനെ പുരയിടത്തില്‍ മതിലിനോട് ചേര്‍ത്ത് പൊതിഞ്ഞ് വെച്ചു എന്ന് പറഞ്ഞുവെന്നും ഉടന്‍ തന്നെ വിവരം പൊലീസിനെയും പത്തനംതിട്ട ഡിഎംഒയെയും അറിയിച്ചുവെന്നും ലക്ഷ്മി കൂട്ടിച്ചേര്‍ത്തു. കുഞ്ഞ് ജീവനോടെയുണ്ടെങ്കില്‍ രക്ഷിക്കണം എന്ന് വിചാരിച്ചാണ് ഇടപെടല്‍ നടത്തിയതെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA