HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

'വഴിക്കടവിലേത് വൈദ്യുതി മോഷണം'; ഗുരുതരമായ ക്രിമിനല്‍ കുറ്റമെന്ന് കെഎസ്ഇബി

വഴിക്കടവില്‍ പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി

വഴിക്കടവില്‍ പന്നിക്ക് വെച്ച കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി കെഎസ്ഇബി. വഴിക്കടവിലേത് വൈദ്യുതി മോഷണമാണെന്ന് കെഎസ്ഇബി പ്രതികരിച്ചു. കെഎസ്ഇബി പോസ്റ്റില്‍ നിന്ന് അനധികൃതമായി ഇന്‍സുലേറ്റഡ് വയര്‍ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.


ഇന്ന് വൈകിട്ടോടെയായിരുന്നു വഴിക്കടവില്‍ പതിനഞ്ചുകാരനായ അനന്തു ഷോക്കേറ്റ് മരിച്ചത്. സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം വഴിക്കടവിലെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണന്‍ (23), ഷാനു വിജയ് (17) എന്നിവര്‍ക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വിദ്യാര്‍ത്ഥിയുടെ മരണം സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്നായിരുന്നു നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞത്. അപകടത്തിന് കാരണം കെഎസ്ഇബിയുടെ അനാസ്ഥയാണെന്നും ആര്യാടന്‍ ഷൗക്കത്ത് ആരോപിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് ആവശ്യപ്പെട്ടിരുന്നു.


സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും അടക്കം രംഗത്തെത്തിയിരുന്നു. റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. സംഭവ സ്ഥലത്തേയ്ക്ക് എത്തിയ സിപിഐഎം നേതാവ് എ വിജയരാഘവന്റെ വാഹനം യുഡിവൈഎഫ് നേതാക്കള്‍ തടഞ്ഞു. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജയരാഘവനെ തടഞ്ഞത്. കോണ്‍ഗ്രസ് കാണിക്കുന്നത് നിലവാരമില്ലാത്ത രാഷ്ട്രീയമെന്നായിരുന്നു ഇതിനോട് വിജയരാഘവന്‍ പ്രതികരിച്ചത്. അപകടത്തെ രാഷ്ട്രീയമായി കാണുന്നത് രാഷ്ട്രീയപാപ്പരത്വമാണ്. രാഷ്രീയ മുതലെടുപ്പിന് വേണ്ടി നിലവാരം കുറഞ്ഞ നിലപാടുകള്‍ സ്വീകരിക്കുകയാണെന്നും വിജയരാഘവന്‍ ആരോപിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA