HONESTY NEWS ADS

Electro Tech Nedumkandam

 

വിവാഹ തട്ടിപ്പിൽ ട്വിസ്റ്റ്; രേഷ്മ എത്തിയത് അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം

വിവാഹ തട്ടിപ്പ് കേസിൽ ട്വിസ്റ്റ്

വിവാഹ തട്ടിപ്പ് കേസിൽ ട്വിസ്റ്റ്. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മ(35) ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനെത്തിയത് അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പം. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാട് ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ തിരുവനന്തപുരം യാത്ര. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി കഴിഞ്ഞ ദിവസം പിടിയിലായത്. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവർഷം മുമ്പുള്ള വിവാഹത്തിലാണ് കുട്ടിയുള്ളത്. സാമ്പത്തിക തട്ടിപ്പിനായാണ് യുവതി വിവാഹം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.


ബാഗിൽ സൂക്ഷിച്ചിരുന്ന മുൻ വിവാഹങ്ങളുടെ രേഖകളാണ് രേഷ്മയെ കുടുക്കിയത്. പ്രതിശ്രുത വരനായ ആര്യനാട് പഞ്ചായത്ത് അംഗവും സുഹൃത്തായ മറ്റൊരു വാർഡ് അംഗവും ഭാര്യയും ചേർന്നാണ് രേഷ്മയുടെ വിവാഹ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. വിവാഹപരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം രജിസ്റ്റർ ചെയ്തിരുന്നു. മെയ് 29-നാണ് ഇതിൽ നിന്നും ആദ്യം ഫോൺ കോൾ വന്നു. യുവതിയുടെ അമ്മയാണെന്ന് ഒരു സ്ത്രീ സ്വയം പരിചയപ്പെടുത്തി. ജൂലൈ അഞ്ചിന് മകൾ യൂണിവേഴ്സിറ്റിയിൽ ഒരാവശ്യത്തിനായി വരുന്നുണ്ടെന്ന് പറഞ്ഞു. തുട‍ർന്ന് ഇവിടെ വെച്ച് ഇരുവരും കണ്ടു. താൻ ദത്തെടുക്കപ്പെട്ട കുട്ടിയാണെന്നും അതുകൊണ്ട് അമ്മയ്ക്ക് ഈ വിവാഹത്തിന് താൽപര്യക്കുറവുണ്ടെന്നും രേഷ്മ യുവാവിനെ അറിയിച്ചു. അതോടെ രേഷ്മയെ വിവാഹം കഴിക്കാൻ തയാറാണെന്ന് യുവാവ് ഉറപ്പ് നൽകുകയായിരുന്നു.


പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളായി. വെള്ളിയാഴ്ചയാണ് വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. അഞ്ചാം തീയതി രേഷ്മയെ യുവാവ് കൂട്ടിക്കൊണ്ടുവന്ന് ഉഴമലയ്ക്കലിലുള്ള ഒരു വാർഡ് മെമ്പറുടെ വീട്ടിൽ താമസിപ്പിച്ചിരുന്നു. വിവാഹദിവസം രാവിലെ കുളികഴിഞ്ഞ് തനിക്ക് ബ്യൂട്ടി പാർലറിൽ പോകണമെന്ന് പറഞ്ഞ് രേഷ്മ ഇറങ്ങി. വാർഡ് മെമ്പറുടെ ഭാര്യ കുളിമുറിയിൽ കയറിയപ്പോൾ രേഷ്മ കുളിച്ചതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. തുടർന്ന് യുവതിക്ക് സംശയം തോന്നിയതോടെ രേഷ്മയുടെ ബാഗ് പരിശോധിച്ചു. അങ്ങനെയാണ് മുൻ വിവാഹങ്ങളുടെ സട്ടിഫിക്കറ്റുകൾ കണ്ടെത്തിയത്.


45 ദിവസം മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ ബാഗിലുണ്ടായിരുന്നു. ഉടൻതന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സി ഐ അജീഷ്, എസ് ഐ വേണു എന്നിവരും വനിതാ പൊലീസ് ഉദ്യേഗസ്ഥരും ചേർന്ന് വിവാഹ ഓഡിറ്റോറിയത്തിലേയ്ക്ക് പോകാൻ നിന്ന രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്തു. ആദ്യവിവാഹമാണെന്ന് പറഞ്ഞാണ് രേഷ്മ മറ്റ് വിവാഹങ്ങൾ കഴിക്കാറുള്ളത്. വരനെക്കൊണ്ട് വിവാഹത്തിന് മുൻപുതന്നെ സ്വർണവും വസ്ത്രങ്ങളും വാങ്ങിപ്പിക്കുന്നതീയിരുന്നു ഇവരുടെ രീതി. തുടർന്ന് ഈ പണവും വസ്ത്രങ്ങളും കല്യാണാവശ്യത്തിനുള്ള പണവും കൈക്കലാക്കി വിവാഹപ്പിറ്റേന്നുതന്നെ മുങ്ങും. യുവതി നിരവധിപേരെ ഇത്തരത്തിൽ വിവാഹം കഴിച്ച് കടന്നു കളഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS