HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി, രണ്ട്‌ ജില്ലകളിൽ ഓറഞ്ച് അലർട്ട്, ബലാത്സംഗക്കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ, പാലിയേക്കരയില്‍ ടോൾ വിഷയം, രാഹുലിന്‍റെ വോട്ടർ അധികാർ യാത്ര,ധർമസ്ഥലയിൽ എസ് ഐ ടി അന്വേഷണം നിർത്തുമോ..?ഓണപ്പരീക്ഷക്ക് ഇന്ന് തുടക്കം...

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ


കനത്ത മഴ കേരളത്തിൽ തുടരുന്നതടക്കം നിരവധി വാർത്തകളാണ് ഇന്നുള്ളത്. സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ഇന്ന് വിദ്യാഭ്യാസ അവധിയുടം പ്രഖ്യാപിച്ചു. കത്ത് ചോർച്ച വിവാദങ്ങൾക്കിടെ സി പി എം പിബി യോഗം ഇന്ന് ചേരും. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന് പിന്തുണ തേടി ബി ജെ പി, പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇന്ന് കണ്ടേക്കും. നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി പരിഗണിക്കുന്നുണ്ട്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ദില്ലിയിലെത്തുന്നുമുണ്ട്. റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡ്മിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡ്മിർ സെലൻസ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. ഇതടക്കം ഇന്നത്തെ പ്രധാന വാർത്തകളെല്ലാം ഒറ്റ നോട്ടത്തിൽ അറിയാം.


സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്


സംസ്ഥാനത്ത് ഇന്നും പരക്കെ മഴ സാധ്യത. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത വേണം. പാലക്കാട് മീങ്കര, വാളയാർ, ചുള്ളിയാർ, പത്തനംതിട്ട കക്കി, മൂഴിയാർ, ഇടുക്കി മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, തൃശ്ശൂർ ഷോളയാർ, പെരിങ്ങൽകുത്ത്, വയനാട് ബാണാസുരസാഗർ എന്നീ അണക്കെട്ടുകളിൽ നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി

ശക്തമായ മഴയ തുടര്‍ന്ന് തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. സ്കൂൾതലത്തിലുള്ള ഓണ പരീക്ഷകൾക്ക് അവധി ബാധകമാണ്. ഇന്ന് നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.


കത്ത് ചോർച്ച വിവാദങ്ങൾക്കിടെ സി പി എം പിബി യോഗം ഇന്ന്

സി പി എം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. വിവാദ വ്യവസായി രാജേഷ് കൃഷ്ണയ്ക്കെതിരെ പി ബിക്ക് കിട്ടിയ പരാതി ചോർന്നത് ചർച്ചയായിരിക്കെയാണ് യോഗം. എന്നാല്‍ വിഷയം അജണ്ടയിലില്ലെന്ന് കേന്ദ്ര നേതാക്കൾ പറഞ്ഞു. വിവാദത്തെക്കുറിച്ച് പ്രതികരിക്കാൻ ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കൾ തയ്യാറായിട്ടില്ല. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നില്ല. ബീഹാർ തെരഞ്ഞെടുപ്പ്, വോട്ട് കൊള്ള വിവാദം തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാട് പി.ബിയില്‍ ചര്‍ച്ചയാകും.


പ്രതിപക്ഷ പിന്തുണ തേടാൻ ഉപരാഷ്ട്രപതി സ്ഥാനാർഥി

ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണന് പിന്തുണ തേടി ബി ജെ പി, പ്രതിപക്ഷ പാർട്ടി നേതാക്കളെ ഇന്ന് കണ്ടേക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയും സി പി രാധാകൃഷ്ണന് തേടുമെന്ന് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഐക്യകണ്ഠേന ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം എന്നും ബി ജെ പി വ്യക്തമാക്കിയിരുന്നു. അതേസമയം തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി ജെ പി നേതാവായ സി പി രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഡി എം കെ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാൽ മഹാരാഷ്ട്ര ഗവർണറെന്ന നിലയിൽ മികച്ച വ്യക്തിത്വമാണ് സി പി രാധാകൃഷ്ണന്‍റേതെന്ന് ശിവസേന ഉദ്ധവ് താക്കറെ നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചിരുന്നു. അതേസമയം ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർഥിയെ നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഇന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ അധ്യക്ഷതയിൽ യോഗം നടക്കും.


ഓണപ്പരീക്ഷക്ക് ഇന്ന് തുടക്കം, ചോദ്യപേപ്പർ ചോർച്ച തടയാൻ വിപുലമായ ക്രമീകരണം

സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഇന്ന് തുടങ്ങും. ചോദ്യപേപ്പർ ചോർച്ച തടയാൻ ഇത്തവണ വിപുലമായ ക്രമീകരണങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയത്. പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുമ്പ് മാത്രമേ ചോദ്യപേപ്പർ അടങ്ങുന്ന കവർ പൊട്ടിക്കാവൂ എന്നാണ് നിർദ്ദേശം. ചോദ്യപേപ്പറിൽ പ്രധാന അധ്യാപകനും പരീക്ഷാ ചുമതലയുള്ള അധ്യാപകരും രണ്ട് കുട്ടികളും പേരും ഒപ്പും കവർ പൊട്ടിച്ച തിയതിയും സമയവും രേഖപ്പെടുത്തണം. ചോദ്യപേപ്പർ കൈകാര്യം ചെയ്യാൻ ജില്ലകളിൽ പ്രത്യേകം സെൽ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണം, ക്രിസ്സമസ് പരീക്ഷാ ചോദ്യപേപ്പറുകൾ ചില യൂ ട്യൂബ് ചാനലുകൾ വഴി ചോർന്നത് വിവാദമായിരുന്നു.


ധർമസ്ഥലയിൽ എസ് ഐ ടി അന്വേഷണം നിർത്തുമോ? കർണാടക സർക്കാർ ഇന്ന് നിയമസഭയിൽ തീരുമാനം അറിയിക്കും

ധർമസ്ഥലയിൽ എസ് ഐ ടി അന്വേഷണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ നിലപാട് വ്യക്തമാക്കാൻ കര്‍ണാടക സർക്കാർ. അന്വേഷണം തുടരുന്നതിൽ ആഭ്യന്തരമന്ത്രി ജി പരമേശ്വര ഇന്ന് നിയമസഭയിൽ തീരുമാനം അറിയിക്കും. കഴിഞ്ഞ ദിവസം വിഷയം സഭയിൽ ചർച്ച ചെയ്തിരുന്നെങ്കിലും ബിജെപി സമരം ശക്തമാക്കിയതോടെ സർക്കാർ പ്രതിരോധത്തിൽ ആയിരുന്നു. ധർമസ്ഥല ചലോ യാത്ര ഉൾപ്പെടെയുള്ള ബിജെപി നീക്കങ്ങള്‍ രാഷ്ട്രീയലക്ഷ്യം ആരോപിച്ചു തള്ളുമ്പോഴും വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചന എന്ന വാദം ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തന്നെ മുന്നോട്ടുവച്ചത് സമ്മർദം മുന്നിൽക്കണ്ടാണെന്നാണ് വിലയിരുത്തൽ.


'വോട്ട് കൊള്ള' ആരോപണം ഇന്നും പാർലമെന്‍റിനെ പ്രക്ഷുബ്ധമാക്കും, രാഹുലിന്‍റെ വോട്ടർ അധികാർ യാത്ര തുടരുന്നു

ബിഹാറിലെ തീവ്ര വോട്ടര്‍ പട്ടികയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ ഇന്നും പ്രതിഷേധിക്കാന്‍ പ്രതിപക്ഷം. പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചയും വര്‍ഷകാല സമ്മേളനം തടസപ്പെട്ടിരുന്നു. അതേസമയം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര ബിഹാറിൽ ഇന്നും തുടരും. വോട്ട് അധികാർ യാത്ര ബിഹാറിലെ ഔറംഗാബാദിൽ നിന്നാണ് രണ്ടാം ദിവസത്തെ പര്യടനം ആരംഭിക്കുക. ഗയയിൽ അവസാനിക്കും വിധമാണ് ഇന്നത്തെ യാത്ര. വാർത്താ സമ്മേളനത്തിന് ശേഷവും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി തുടരുന്നത്. കൂടുതൽ സംസ്ഥാനങ്ങളിലെ വോട്ടര്‍ പട്ടിക ക്രമക്കേട് പുറത്ത് കൊണ്ടുവരാനാണ് നീക്കം.


ശുഭാംശു ശുക്ലക്ക് ഇന്ന് പാർലമെന്‍റിൽ സ്വീകരണം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പാർലമെന്റിൽ എത്തുന്ന ശുഭാംശു ശുക്ലയെ എംപിമാരുടെ നേതൃത്വത്തിൽ ആദരിക്കും. പാർലമെന്റിൽ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് പ്രത്യേക ചർച്ച നടത്തും. 2047ൽ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടാകും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശിയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും.


ഡിജിറ്റൽ സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ഇന്ന്

വിവാദങ്ങൾ തുടരുന്നതിനിടെ മൂന്നു മാസത്തിനുശേഷം ഡിജിറ്റൽ സർവകലാശാലയുടെ ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം ഇന്ന് ചേരും. ഡിജിറ്റൽ സർവകലാശാല താൽക്കാലിക വിസിയായ ഡോ. സിസാ തോമസിന്റെ നിയമനത്തിലുള്ള അനിശ്ചിതത്വം മൂലം യോഗം നീട്ടി വച്ചിരിക്കുകയായിരുന്നു. സുപ്രീംകോടതി നിയമനം നീട്ടി നൽകാൻ തീരുമാനിച്ചതോടെയാണ് യോഗം ചേരുന്നത്. സർവകലാശാലയിൽ ഓഡിറ്റ് നടത്തുന്നില്ലെന്നും ക്രമക്കേടുകൾ നടക്കുന്നെന്നും വി സി ഗവർണർക്ക് നേരിട്ട് റിപ്പോർട്ട് നൽകിയത് വിവാദമായിരുന്നു. ഇതിൽ സി ആൻഡ് എജി ഓഡിറ്റിന് ഗവർണർ ശുപാർശ നൽകിയിരുന്നു. സർക്കാരിനെ വെട്ടിലാക്കിയ നീക്കത്തിനിടെയാണ് ബോർഡ് ഓഫ് ഗവണേഴ്സ് യോഗം ചേരുന്നത്.


പാലിയേക്കരയില്‍ ടോൾ വിഷയം സുപ്രീം കോടതിയിൽ

പാലിയേക്കരയില്‍ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി ഉൾപ്പെടെ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി ദേശീയപാത അതോറിറ്റിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ടോള്‍ നല്‍കിയിട്ടും ദേശീയപാത അതോറിറ്റി സേവനം നല്‍കുന്നില്ലെന്നായിരുന്നു കോടതി നിരീക്ഷണം. കുപ്പിക്കഴുത്ത് പോലെയാണ് ദേശീയപാതയിലെ ഗതാഗത സൗകര്യം, ആംബുലൻസിന് പോലും പോകാനാകാത്ത ഗതാഗത കുരുക്കാണെന്നും കോടതി വിമര്‍ശിച്ചിരുന്നു.


നടിയെ ആക്രമിച്ച കേസ് ഇന്ന് വിചാരണക്കോടതി പരിഗണിക്കും

നടിയെ ആക്രമിച്ച കേസ് വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസ്താര നടപടികൾ അന്തിമ ഘട്ടത്തിലാണ്. പ്രോസിക്യൂഷൻ വാദങ്ങൾ സംബന്ധിച്ച സംശയ നിവാരണമാണ് നിലവിൽ തുടരുന്നത്. കേസിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്.


ബലാത്സംഗക്കേസിൽ വേടന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ

ബലാൽസംഗക്കേസിൽ റാപ്പർ വേടൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രാഥമിക വാദമാകും ഇന്ന് നടക്കുക. വേടന്‍റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. എന്നാൽ വേടൻ രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങൾക്ക് പൊലീസ് ലുക്കൗട്ട് സർക്കുലർ നൽകിയിരുന്നു. വിവാഹവാഗ്ദാനം നൽകി ഡോക്ടറായ യുവതിയെ പീഡിപ്പിച്ചെന്നാണ് വേടനെതിരായ കേസ്.


ചൈനീസ് വിദേശകാര്യമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ദില്ലിയിലെത്തും. വൈകിട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വാങ് യീ കൂടിക്കാഴ്ച നടത്തും. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ അതിർത്തി തർക്കം പരിഹരിക്കാനുള്ള സംവിധാനത്തിന്‍റെ സംയുക്ത യോഗത്തിൽ നാളെ വാങ് യീ പങ്കെടുക്കും. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലായിരിക്കും ഇന്ത്യൻ സംഘത്തെ നയിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വാങ് യീ സന്ദർശിക്കും. ഷാങ്ഹായി സഹകരണ ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് പോകാനിരിക്കെയാണ് വാങ് യീ ഇന്ത്യയിൽ എത്തുന്നത്.


ട്രംപ് - സെലൻസ്കി ചർച്ച

റഷ്യ - യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി അലാസ്കയിൽ വ്ലാഡ്മിർ പുടിനുമായി നടത്തിയ ചർച്ചയുടെ തുടർച്ചയായി ഡോണൾഡ് ട്രംപുമായുള്ള വ്ലാഡ്മിർ സെലൻസ്കിയുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. എന്നാൽ സെലൻസ്കി ഒറ്റയ്ക്കാകില്ല എന്നുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യൂറോപ്യൻ നേതാക്കളുടെ പട തന്നെ സെലൻസ്കിക്കുള്ള പിന്തുണ വ്യക്തമാക്കി അമേരിക്കയിലെത്തും. യു കെ പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണും ഉൾപ്പെടെ അഞ്ച് രാജ്യനേതാക്കളാകും വൈറ്റ് ഹൗസിലെത്തുകയെന്നാണ് വ്യക്തമാകുന്നത്. യൂറോപ്പിന്‍റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറിൽ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കലാണ്.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS