
പണിക്കൻകുടിയിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി സ്വദേശി പൊറ്റനാനിക്കൽ തങ്കനെ(62) യാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞമാസം 31-ആം തീയതി മുതലാണ് തങ്കനെ കാണാതായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാട്ടുകാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ വീടിനു സമീപത്തെല്ലാം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ സമീപത്തെ മറ്റൊരാളുടെ പറമ്പിൽ നിന്നും വലിയ തോതിൽ ദുർഗന്ധം വമിക്കുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാപ്പി മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
അഞ്ചുപേർ ചേർന്നാണ് തങ്കന്റെ മൃതദേഹം കണ്ടെത്തിയത്. ഇതിൽ ഒരാൾ മൃതദേഹം കണ്ട് കുഴഞ്ഞ് വീഴുകയും പിന്നീട് മരണപ്പെടുകയുമായിരുന്നു. പണിക്കൻകുടി സ്വദേശി ജോർജിയാണ് മരണപ്പെട്ടത്. കുഴഞ്ഞ് വീണ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജോർജിയുടെ ജീവൻ രക്ഷിക്കാനായില്ല. തങ്കന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മാറ്റി. രോഗിയായ ഇയാൾ കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്നാണ് വിവരം.