
മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ആണ് ഹർജിക്കാരൻ.
മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി നേരത്തെചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് അന്ന് ചോദിച്ചിരുന്നു. താനും ഈ ആശങ്കയിൽ കേരളത്തിൽ ഒന്നരവർഷത്തോളം ജീവിച്ചതാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.