ചെറുതോണിയിലെ കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇതുവരെ ചെറുതോണിയിലെ സ്വകാര്യ വ്യക്തിയുടെ ഫ്ലാറ്റിൽ പ്രവർത്തിച്ചിരുന്ന ഓപ്പറേറ്റിങ് സെന്ററാണ് പുതിയ ബസ് സ്റ്റാൻഡ് സമുച്ചയത്തിലേക്ക് മാറ്റിയത്. പുതിയ ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് വൈകിട്ട് നാല് മണിക്ക് അടിമാലിയിലേക്കുള്ള ആദ്യ കെഎസ്ആർടിസി സർവീസ് പുറപ്പെട്ടതോടെയാണ് പ്രവർത്തനത്തിന് ഔദ്യോഗിക തുടക്കമായത്.
സ്വകാര്യ ഫ്ലാറ്റ് ഒഴിഞ്ഞുനൽകണമെന്ന് കെട്ടിട ഉടമ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഓപ്പറേറ്റിങ് സെന്റർ പുതിയ സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ ആവശ്യമായ നിർമ്മാണവും സജ്ജീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയാണ് പ്രവർത്തനം ആരംഭിച്ചത്. മുൻ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് പുതിയ ഷോപ്പിംഗ് കോംപ്ലക്സ്-കം-ബസ് സ്റ്റാൻഡ് പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. എന്നാൽ വിവിധ കാരണങ്ങളാൽ പദ്ധതി പൂർത്തീകരണം വൈകുകയായിരുന്നു. ഇതിനിടെ ബസ് സ്റ്റാൻഡ് പ്രവർത്തനം ആരംഭിക്കാതിരുന്നതും കെട്ടിടം ഉപയോഗശൂന്യമായി കിടന്നതും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
പദ്ധതി പൂർത്തിയാകാൻ വൈകിയതിനെ തുടർന്ന് ബസ് സ്റ്റാൻഡ് പദ്ധതിയെ ചൊല്ലി രാഷ്ട്രീയ വിവാദങ്ങളും ഉയർന്നിരുന്നു. അതേസമയം, വിവിധ ഘട്ടങ്ങളിൽ ഒന്നിലധികം ഉദ്ഘാടനങ്ങൾ നടന്ന സാഹചര്യത്തിൽ പുതിയ ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് ആദ്യ സർവീസ് ആരംഭിച്ചപ്പോൾ പ്രത്യേക ഉദ്ഘാടന ചടങ്ങുകളോ ഫ്ലാഗ് ഓഫ് പരിപാടിയോ ഉണ്ടായിരുന്നില്ല. അടുത്തിടെ വാർത്താസമ്മേളനത്തിൽ ഉദ്ഘാടന ചടങ്ങുകളേക്കാൾ ജനങ്ങൾക്ക് ആവശ്യമായ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് ഇടുക്കി എംഎൽഎ റോയി കെ. പൗലോസ് വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ഓപ്പറേറ്റിങ് സെന്ററിൽ നിന്ന് കെഎസ്ആർടിസി സർവീസുകൾ ആരംഭിച്ചത്.
പുതിയ ഓപ്പറേറ്റിങ് സെന്റർ പ്രവർത്തനസജ്ജമായതോടെ ചെറുതോണി, ഇടുക്കി, അടിമാലി ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലെ കെഎസ്ആർടിസി സർവീസുകളുടെ ഏകോപനവും യാത്രക്കാർക്കുള്ള സേവനങ്ങളും കൂടുതൽ കാര്യക്ഷമമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.


.jpeg)


