റോ, സിബിഐ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളെ ബിജെപി തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുർവിനിയോഗം ചെയ്യുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടും, ഡൽഹിയിൽ കോൺഗ്രസ് നേതാക്കൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇടുക്കി ഡിസിസി ചെറുതോണിയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ബിജെപി വ്യാപകമായി ദുർവിനിയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി. മാത്യു ആരോപിച്ചു. എംപിമാർക്ക് മുപ്പത് മുതൽ മുപ്പത്തിയഞ്ച് കോടി രൂപ വരെ കോഴ നൽകി രാജ്യത്തെ കൈക്കൂലിയുടെ കേന്ദ്രമാക്കി ബിജെപി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഇപ്പോൾ തീക്കൊള്ളികൊണ്ടാണ് കളിക്കുന്നതെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടും, ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ഡീൻ കുര്യാക്കോസ് എംപി എന്നിവർക്കെതിരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുമാണ് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റി ചെറുതോണിയിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്.
ചെറുതോണി പമ്പ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അണിനിരന്നത്. തുടർന്ന് സെൻട്രൽ ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിൽ ഡിസിസി സെക്രട്ടറി എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം എ.പി. ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. അനീഷ് ജോർജ്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ആഗസ്തി അഴകത്ത്, പി.ഡി. ജോസഫ്, സി.പി. സലിം, മാർട്ടിൻ വള്ളാടിയിൽ തുടങ്ങിയ നേതാക്കൾ യോഗത്തിൽ സംസാരിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





