ചെറുതോണി ജില്ലാ വ്യാപാര ഭവന് സമീപമുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ് ഈ പെരുമ്പാമ്പ്. മുൻപ് ഒരുതവണ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും അത് കാട്ടിലേക്ക് ഇഴഞ്ഞുമാറി രക്ഷപ്പെട്ടിരുന്നു. ഇതിന് ശേഷം നാല് തവണ കൂടി ഇതേസ്ഥലത്ത് പാമ്പിനെ കണ്ടതായി വ്യാപാരികൾ വ്യക്തമാക്കുന്നു. ഏറ്റവും ഒടുവിൽ പാമ്പിനെ കണ്ടപ്പോഴും നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്താൻ വൈകിയതോടെ, നാട്ടുകാരിലൊരാൾ സാഹസികമായി പാമ്പിനെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. വനംവകുപ്പിൽ നിന്ന് മതിയായ ജീവനക്കാരോ സന്നാഹങ്ങളോ യഥാസമയം എത്താത്തതാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
ചുറ്റും കാടുമൂടിക്കിടക്കുന്ന ഈ പ്രദേശമാണ് വലിയ പാമ്പുകളുടെ വിഹാരകേന്ദ്രം. ഹൗസിങ് സൊസൈറ്റിക്കും ഒരു സ്വകാര്യ വ്യക്തിക്കുമാണ് ഈ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം. എന്നാൽ അപകടഭീഷണി നിലനിൽക്കുമ്പോഴും, ഈ കാടുകൾ വെട്ടിമാറ്റാൻ ഉടമകൾ തയ്യാറാകുന്നില്ല. ഏത് നിമിഷവും ജനവാസ കേന്ദ്രത്തിലേക്ക് പാമ്പിറങ്ങാമെന്നിരിക്കെ, കുട്ടികൾക്കും വളർത്തുമൃഗങ്ങൾക്കും ഉൾപ്പെടെ വലിയ ജീവഭയത്തിലാണ് സമീപവാസികൾ ഓരോ ദിവസവും തള്ളിനീക്കുന്നത്.
അതേസമയം പാമ്പ് വീണ്ടും രക്ഷപ്പെട്ടതോടെ കടുത്ത ഭീതിയിലാണ് പ്രദേശവാസികളും വ്യാപാരികളും കഴിയുന്നത്. വനംവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഈ അനാസ്ഥയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഇവരിൽ നിന്നും ഉയരുന്നത്. വലിയൊരു അപകടം ഉണ്ടാകുന്നതിന് മുൻപ് വിഷയത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





