HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കർഷകരെ കുടിയിറക്കാൻ വനംവകുപ്പ് നീക്കം: കഞ്ഞിക്കുഴിയിൽ സാഫിന്റെ പിന്തുണയോടെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു; ജൂൺ 13-ന് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് മാർച്ച്

ഇടുക്കി: ജൂൺ 13-ന് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ജനകീയ മാർച്ച്


കഞ്ഞിക്കുഴിയിലെ കർഷകരുടെ കൃഷിഭൂമി തട്ടിയെടുക്കാനുള്ള വനംവകുപ്പിന്റെ ഗൂഢനീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധവുമായി കർഷകർ. വനംവകുപ്പിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ സാഫ് (SAF) സംഘടനയുടെ പിന്തുണയോടെ പ്രദേശത്ത് ശക്തമായ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. ചുരുളി പതാൽ യുവധാര ക്ലബ്ബ് ഹാളിൽ നടന്ന കൺവെൻഷൻ സി.പി.ഐ.എം. ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു.


പണ്ട് ഇടുക്കി ജലവൈദ്യുത പദ്ധതിക്കായി ഇരട്ടയാർ, അയ്യപ്പൻകോവിൽ പ്രദേശങ്ങളിൽ നിന്നും കുടിയിറക്കപ്പെട്ട്, പിന്നീട് ചുരുളി പതാലിൽ പുനരധിവസിപ്പിക്കപ്പെട്ട 55-ഓളം കർഷക കുടുംബങ്ങളുടെ കൃഷിഭൂമിയാണ് വന്യമൃഗ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് വനംവകുപ്പ് കൈയേറാൻ ശ്രമിക്കുന്നത്. ഇടത്തട്ട്, മലയെണ്ണമല തുടങ്ങിയ പ്രദേശങ്ങളിലെ കർഷകരെ നിരന്തരം ദ്രോഹിക്കുന്ന വനംവകുപ്പ് നിലപാടിനെതിരെയാണ് കർഷകർ ഒന്നിച്ച് അണിനിരന്നിരിക്കുന്നത്.


വാർഡ് മെമ്പർ സന്ധ്യാ രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. വനംവകുപ്പിന്റെ അന്യായമായ കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നിയമ-ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ കൺവെൻഷനിൽ 21 അംഗ കമ്മിറ്റി രൂപീകരിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ലിസി ജോസിനെ കൺവിനറായും, സാഫ് ജില്ലാ പ്രസിഡന്റ് സിബി ആർക്കാട്ടിനെ ചെയർമാനായും തിരഞ്ഞെടുത്തു.  


വനംവകുപ്പ് കൈയേറിയ കർഷകരുടെ കൃഷിഭൂമി തിരിച്ചുപിടിക്കുമെന്നും, ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വരും ദിവസങ്ങളിൽ (ജൂൺ 13-ന്) നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് ശക്തമായ ജനകീയ മാർച്ച് സംഘടിപ്പിക്കുമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രഖ്യാപിച്ചു. കൺവെൻഷനും തുടർപ്രവർത്തനങ്ങൾക്കും റ്റിജോ പി. ജോയി, അബ്ദുൾ അസീസ്, സി.വി. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


HONESTY NEWS @ IDUKKI


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS