സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ റെക്കോർഡോടെ സുവർണനേട്ടം കൊയ്ത ഹൈറേഞ്ചിന്റെ 'കാൽവരി എക്സ്പ്രസ്' ദേവപ്രിയ ഷൈബുവിനും കുടുംബത്തിനും സിപിഐ എം ജില്ലാ കമ്മിറ്റിയുടെ ഓണസമ്മാനമായി സ്നേഹവീടൊരുങ്ങി. കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ 25 ലക്ഷം രൂപ ചെലവിൽ നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വീടിന്റെ നിർമാണം പൂർത്തിയായി. ഓഗസ്റ്റ് 21-ന് പകൽ 11.30-ന് കൂട്ടക്കല്ലിൽ നടക്കുന്ന ചടങ്ങിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറും. നേതാക്കളായ കെ കെ ജയചന്ദ്രൻ, എം എം മണി, സി വി വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
കായികമേളകളിൽ മെഡലുകൾ വാരിക്കൂട്ടിയെങ്കിലും അവയൊന്നും സുരക്ഷിതമായി സൂക്ഷിക്കാൻ ഇടമില്ലാതെ, രണ്ട് കിടപ്പുമുറികൾ മാത്രമുള്ള പഴയ വീട്ടിൽ ഏഴുപേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ദേവപ്രിയ കഴിഞ്ഞിരുന്നത്. റെക്കോർഡ് നേട്ടത്തിന് പിന്നാലെ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രഖ്യാപിച്ച വീടിന്റെ നിർമാണം റെക്കോർഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. നാല് കിടപ്പുമുറികളും ഹാളും സിറ്റ്ഔട്ടും അടുക്കളയും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് പുതിയ ഭവനം.
വീട്ടിലേക്ക് ആവശ്യമായ കട്ടിൽ, ഡൈനിങ് ടേബിൾ, സെറ്റി ഉൾപ്പെടെയുള്ള മുഴുവൻ ഫർണിച്ചറുകളും ഡിവൈഎഫ്‌ഐ, ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റികൾ ചേർന്ന് കുടുംബത്തിന് കൈമാറി. കഴിഞ്ഞ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടന്ന കായികമേളയിൽ സബ് ജൂനിയർ 100 മീറ്ററിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് 12.69 സെക്കൻഡിൽ പൂർത്തിയാക്കിയാണ് ദേവപ്രിയ തിരുത്തിക്കുറിച്ചത്. കൂടാതെ 200 മീറ്ററിലും റിലേ മത്സരങ്ങളിലും ദേശീയ തലത്തിലും താരം മെഡലുകൾ വാരിക്കൂട്ടി. കാൽവരിമൗണ്ട് പാലത്തുംതലയ്ക്കൽ ഷൈബു–ബിസ്മി ദമ്പതികളുടെ മകളായ ദേവപ്രിയയെയും സഹോദരി ദേവനന്ദയെയും കായികരംഗത്തേക്ക് കൈപിടിച്ചുയർത്തിയത് കാൽവരി എച്ച്എസിലെ അധ്യാപകൻ ടിബിൻ ജോസഫാണ്.


.jpeg)
