HONESTY NEWS ADS

വിവാഹത്തിൽ നിന്ന് വരൻ പിന്മാറി; അരൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം

യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം


ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പുമായി അനഘ പ്രതിശ്രുത വരന് വീഡിയോ അയച്ചു കൊടുത്തിരുന്നെന്നും എന്നിട്ടു പോലും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചില്ലെന്നുമാണ് ആരോപണം. ഈ സംശയത്തിനു തെളിവായി പ്രതിശ്രുത വരന്‍ വിഷ്ണുവിന്‍റെ അമ്മയുടെ ഓഡിയോ സന്ദേശം പൊലീസിനു കൈമാറി. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ പ്രതിശ്രുത വരനെതിരെ കേസെടുക്കാനാകൂ എന്ന നിലപാടിലാണ് പൊലീസ്.


കരഞ്ഞു കാലുപിടിച്ചിട്ടും കൂട്ടാക്കാതെ വരന്‍റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറിയതിന്‍റെ മനോവേദനയിലാണ് ഇരുപത്തിയഞ്ചുകാരിയായ മകള്‍ ജീവനൊടുക്കിയതെന്ന് അമ്മ പറയുന്നു. അരൂര്‍ സ്വദേശിനി അനഘയും തൃശൂര്‍ സ്വദേശി വിഷ്ണുവും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പ്രണയം ഇരുവീട്ടുകാരും അംഗീകരിച്ച് വിവാഹ നിശ്ചയം നടത്തി. നവംബറില്‍ വിവാഹം നടത്താനുളള ഒരുക്കങ്ങള്‍ക്കിടയിലായിരുന്നു വിഷ്ണുവിന്‍റെ കുടുംബം പിന്‍മാറിയത്. ഇരുവര്‍ക്കുമിടയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനഘ വിഷ്ണു ജോലി ചെയ്യുന്ന അബുദാബിയിലെത്തി നേരിട്ട് സംസാരിച്ചിട്ടു പോലും പ്രയോജനമുണ്ടായില്ല.


കഴിഞ്ഞ ബുധനാഴ്ച ഗൾഫിൽ നിന്ന് തിരിച്ചെത്തിയ അനഘയെ വിമാനത്താവളത്തിൽ നിന്ന് ബന്ധുക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. അന്ന് രാത്രി മുറിയിൽ കയറിയ അനഘ വീട്ടുകാർ ഉറങ്ങിയ ശേഷം ജീവനൊടുക്കുകയായിരുന്നു. എന്നാല്‍ തൂങ്ങിമരിക്കാനുളള കുരുക്കിട്ട ശേഷം അതിന്‍റെ വീഡിയോ അനഘ വിഷ്ണുവിന് അയച്ചു കൊടുത്തിരുന്നെന്നും വിഷ്ണു അത് വിഷ്ണുവിന്‍റെ അമ്മയ്ക്ക് അയച്ചു കൊടുത്തിരുന്നെന്നുമാണ് ഇപ്പോള്‍ കുടുംബം സംശയിക്കുന്നത്. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടും അനഘ അഭിനയിക്കുകയാണെന്ന തരത്തില്‍ വിഷ്ണുവിന്‍റെ അമ്മ നല്‍കിയ മറുപടിയാണ് കടുംകൈ ചെയ്യാന്‍ അവളെ പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ വിശ്വസിക്കുന്നു. വിഷ്ണുവിന്‍റെ അമ്മ അയച്ചു കൊടുത്ത ഓഡിയോ സന്ദേശം മരിക്കും മുമ്പ് അനഘ തന്‍റെ അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു.


അനഘ ആത്മഹത്യ മുന്നറിയിപ്പ് നല്‍കിയ ഘട്ടത്തില്‍ തന്നെ വിഷ്ണു വിളിച്ചറിയിച്ചിരുന്നെങ്കില്‍ അനഘയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്ന് കുടുംബം വിശ്വസിക്കുന്നു. അസ്വാഭാവിക മരണത്തിനു മാത്രമാണ് നിലവില്‍ അരൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പ്രാരംഭ ഘട്ടത്തിലെന്നും കൂടുതല്‍ തെളിവുകളുണ്ടെങ്കില്‍ വിഷ്ണുവിനും അമ്മയ്ക്കും എതിരെ കേസെടുക്കുമെന്നുമാണ് പൊലീസ് വിശദീകരണം. എന്നാല്‍ ഓഡിയോ സന്ദേശമടക്കം തെളിവുകളുളള സാഹചര്യത്തില്‍ വിഷ്ണുവിനും അമ്മയ്ക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാക്കുകയാണ് അനഘയുടെ കുടുംബം.



കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



CELLVISION MOBILES CHERUTHONI



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS