2018 ഓഗസ്റ്റ് ഒൻപതിനാണ് ഇടുക്കിയെ വിറപ്പിച്ചുകൊണ്ട് മഴ കനത്തുപെയ്തു തുടങ്ങിയത്. പിന്നീട് കണ്ടത് പ്രകൃതിയുടെ സംഹാരതാണ്ഡവമായിരുന്നു. 26 വർഷങ്ങൾക്ക് ശേഷം ഇടുക്കി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ചെറുതോണി പട്ടണത്തിന്റെ ഒരു ഭാഗം തന്നെ വെള്ളത്തിനടിയിലായി. ചെറുതോണി ബസ് സ്റ്റാൻഡും ചെക്ക് ഡാമും ഇരുപതോളം കടകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ സമ്പാദ്യങ്ങളെല്ലാം പ്രളയജലം കവർന്നെടുത്തപ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനേ ഇടുക്കിക്കാർക്ക് സാധിച്ചുള്ളൂ.
ഉപ്പുതോട്, ഗാന്ധിനഗർ കോളനി, കരിമ്പൻ, കീരിത്തോട്, പെരിയാർവാലി, വാത്തിക്കുടി, പെരുങ്കാല തുടങ്ങിയ പ്രദേശങ്ങളെല്ലാം ദുരന്തത്തിന്റെ തീവ്രത പൂർണ്ണമായും അനുഭവിച്ചു. ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലുപേർ മരിച്ച ഉപ്പുതോട് ഗ്രാമം ഇന്നും ആ ഭീതിയിൽ നിന്ന് പൂർണ്ണമായി മുക്തമായിട്ടില്ല. അന്ന് കാണാതായ രാജമ്മയുടെ മൃതദേഹം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ചെറുതോണി ഗാന്ധിനഗർ കോളനിയിൽ മരിച്ച ആറുപേരിൽ നാലുപേർക്കും സംസ്കരിക്കാൻ ഇടമില്ലാതെ നടുറോഡിൽ ചിതയൊരുക്കേണ്ടി വന്നത് കണ്ണീരോടെയല്ലാതെ ആർക്കും ഓർക്കാനാകില്ല.
ഔദ്യോഗിക കണക്കുകൾ പ്രകാരം ഇടുക്കിയിൽ മാത്രം 59 പേർക്കാണ് പ്രളയത്തിൽ ജീവൻ നഷ്ടമായത്. 1,992 വീടുകൾ പൂർണ്ണമായും 7,200 വീടുകൾ ഭാഗികമായും തകർന്നു. പതിനൊന്നായിരത്തിലധികം ഹെക്ടർ കൃഷിഭൂമി ഒലിച്ചുപോയി. മുപ്പതിനായിരത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടി. കാലം എട്ടുവർഷം പിന്നിട്ടിട്ടും, പ്രളയം വരുത്തിവെച്ച നഷ്ടങ്ങളിൽ നിന്നും വേദനകളിൽ നിന്നും പല കുടുംബങ്ങളും ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് പൂർണ്ണമായി തിരിച്ചെത്തിയിട്ടില്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



