കേരളത്തിൽ സ്വർണവിലയിൽ വലിയ വർധന. 22 കാരറ്റ് സ്വർണം ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് വർധിച്ചത്. ഇതോടെ ഇന്ന് ഒരു പവന്റെ വില 1,14,040 രൂപയായും ഗ്രാമിന് 14,255 രൂപയായും ഉയർന്നു. വെള്ളിയുടെ വില ഗ്രാമിന് 250 രൂപ എന്ന നിരക്കിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, 18 കാരറ്റ് സ്വർണം പവന് 93,680 രൂപയും, 14 കാരറ്റിന് 72,960 രൂപയും, 9 കാരറ്റിന് 47,040 രൂപയുമാണ് ഇന്നത്തെ വിപണി വില.
വില കുത്തനെ കൂടിയ സാഹചര്യത്തിൽ സ്വർണവിപണിയുടെ രീതികളിൽ പ്രകടമായ മാറ്റമാണുണ്ടായിരിക്കുന്നത്. പുതിയ സ്വർണം വാങ്ങുന്നതിന് പകരം പഴയ സ്വർണം മാറ്റിവാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിവാഹാവശ്യങ്ങൾക്ക് പോലും നേരത്തെ വാങ്ങി വെച്ച സ്വർണം ഉപയോഗിക്കുകയോ പഴയവ മാറ്റി പുതിയവ വാങ്ങുകയോ ചെയ്യുന്ന രീതിയാണ് പലരും പിൻതുടരുന്നത്. വളരെ നേരിയ അളവിൽ മാത്രം പുതിയ സ്വർണം വാങ്ങുന്നവരും, താഴ്ന്ന കാരറ്റിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
ആഗോള വിപണിയിലെ വില മാത്രം നോക്കിയല്ല കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. ആഗോള വിപണിവില, മുംബൈ വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയെല്ലാം വിലയിരുത്തി ജ്വല്ലറി വ്യാപാരികളുടെ സംഘടനയാണ് ദിവസേന വില നിശ്ചയിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പവും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ഡോളറിന്റെ മൂല്യവ്യത്യാസത്തെ സ്വാധീനിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.


