തൊടുപുഴ മുതലക്കോടത്ത് നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കോതമംഗലം സ്വദേശികളായ ജോയ്, അനൂപ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതലക്കോടം ഗേൾസ് ഹൈസ്കൂളിന് പിന്നിൽ പ്രവർത്തിച്ചിരുന്ന 'സാഞ്ചോ ഹോം' എന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകർന്നുവീണത്. കാലപ്പഴക്കത്തെ തുടർന്ന് ഈ കെട്ടിടം പൊളിച്ചുനീക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപകടം ഉണ്ടായത്. നേരത്തെ പ്രായമായ വൈദികരെ താമസിപ്പിച്ചിരുന്ന കെട്ടിടമാണിത്.
ജോലിയിലുണ്ടായിരുന്ന നാല് തൊഴിലാളികൾ പെട്ടെന്ന് സ്ലാബിനടിയിൽ പെട്ടുപോവുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ അഗ്നിരക്ഷാ സേനയും പോലീസും പ്രദേശവാസികളും ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് രണ്ട് തൊഴിലാളികൾ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


