ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്ന ബധിരനും മൂകനുമായ വയോധികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതിയെ കഞ്ഞിക്കുഴി പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പറപ്പുക്കര പുളിക്കൻ വീട്ടിൽ യദുകൃഷ്ണൻ (30) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 30-ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴി ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന വയോധികനെ പ്രതി യാതൊരു പ്രകോപനവുമില്ലാതെ കമ്പിവടി ഉപയോഗിച്ച് ക്രൂരമായി തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന കോഴിമലയിലുള്ള ഭാര്യവീട്ടിൽ നിന്നാണ് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്.
പ്രദേശത്തെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. ഇയാളുടെ പേരിൽ മുൻപ് മൂന്നോളം അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. എസ്.ഐമാരായ ശ്യാം എം.കെ, സജീവ് മാത്യു, സി.പി.ഒമാരായ മാത്യു സ്റ്റീഫൻ, താജുദീൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.



