ആകാശവാണിയുടെ (ഓൾ ഇന്ത്യ റേഡിയോ) വാർത്താ വിഭാഗം ഉപമേധാവിയായി മലയാളിയായ എസ്. സുബ്രഹ്മണ്യനെ നിയമിച്ചു. വാർത്താ വിഭാഗത്തിൽ അഡീഷണൽ ഡയറക്ടർ ജനറലായി (ADG) ന്യൂഡൽഹിയിലാണ് പുതിയ നിയമനം. ഇടുക്കി തൊടുപുഴ സ്വദേശിയാണ്.
നിലവിൽ കേരളാ ഗവർണറുടെ പി.ആർ.ഒ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു അദ്ദേഹം. 2001 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐ.ഐ.എസ്) ഉദ്യോഗസ്ഥനാണ്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിംഗിൽ (CET) നിന്ന് റാങ്കോടെ ബി.ടെക് ബിരുദവും തുടർന്ന് എം.ബി.എയും നേടിയ ശേഷമാണ് സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്.
പ്രധാന ചുമതലകൾ:
തിരുവനന്തപുരം ദൂരദർശൻ കേന്ദ്ര വാർത്താവിഭാഗം ഡയറക്ടർ
പ്രതിരോധ മന്ത്രാലയത്തിന്റെ ഡൽഹിയിലെ ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ്
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കേരളാ–ലക്ഷദ്വീപ് മേഖലാ ഡയറക്ടർ
സംസ്ഥാന സർക്കാരിൻ്റെ മണ്ണ് സംരക്ഷണ–പര്യവേഷണ ഡയറക്ടർ
തദ്ദേശ സ്വയംഭരണ വകുപ്പിലെ ഇംപാക്ട് കേരളയുടെ മാനേജിങ് ഡയറക്ടർ
സംസ്ഥാന സാംസ്കാരിക വകുപ്പ് ഡയറക്ടർ
തൊടുപുഴ കരോട്ട്മന മഠം പരേതനായ ശിവശങ്കര അയ്യരുടെയും സരസ്വതി അമ്മാളിൻ്റെയും മകനാണ്. തൊടുപുഴ ഡീപോൾ സ്‌കൂൾ, ന്യൂമാൻ കോളേജ് എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. രജനി ശർമ്മയാണ് ഭാര്യ. വിദ്യാർത്ഥികളായ രശ്‌മി, ദേവ്തോഷ് എന്നിവർ മക്കളാണ്. ഉന്നത പദവിയിലെത്തിയ തൊടുപുഴ സ്വദേശിയായ എസ്. സുബ്രഹ്മണ്യന്റെ നേട്ടത്തിൽ നാട്ടുകാരും സുഹൃത്തുക്കളും സന്തോഷവും അഭിമാനവും പങ്കുവെച്ചു.


