ഇടുക്കി ജില്ലാ കോടതി സമുച്ചയവും ജുഡീഷ്യൽ ഓഫീസർമാർക്കുള്ള ക്വാർട്ടേഴ്‌സുകളും ജില്ലാ ആസ്ഥാനത്ത് നിർമ്മിക്കുന്നതിനായി 50.62 കോടി രൂപ അനുവദിച്ചു. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ജില്ലാ ആസ്ഥാനത്ത് കോടതികൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ സ്ഥലസൗകര്യമില്ലാത്തതും ജുഡീഷ്യൽ ഓഫീസർമാർക്ക് താമസസൗകര്യങ്ങൾ ലഭ്യമല്ലാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.
പുതിയ കോടതി സമുച്ചയവും ക്വാർട്ടേഴ്‌സുകളും യാഥാർത്ഥ്യമാകുന്നതോടെ കോടതികളുടെ സുഗമമായ പ്രവർത്തനത്തിന് വഴിതുറക്കുമെന്നും നിലവിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും എം.എൽ.എ വ്യക്തമാക്കി.കെട്ടിടങ്ങളുടെ സ്ട്രക്ചറൽ ഡിസൈനും അനുബന്ധ രൂപരേഖകളും ഉടൻ പൂർത്തിയാക്കി സാങ്കേതികാനുമതി ലഭ്യമാക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ജുഡീഷ്യൽ ക്വാർട്ടേഴ്സുകൾ, എൻട്രൻസ് ഗേറ്റ്, വാച്ച്മാൻ കാബിൻ, ലിഫ്റ്റ് സൗകര്യം, വൈദ്യുതീകരണ ജോലികൾ, എയർ കണ്ടീഷനിംഗ്, ഫയർ ഫൈറ്റിംഗ് സംവിധാനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സമഗ്ര പദ്ധതിയാണ് തയ്യാറാക്കുന്നത്. ഇവയുടെ വിശദമായ എസ്റ്റിമേറ്റുകൾ തയ്യാറാക്കിയ ശേഷമായിരിക്കും അന്തിമ സാങ്കേതികാനുമതി ലഭ്യമാക്കുക. തുടർനടപടികൾ കാലതാമസമില്ലാതെ പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



