ഇടുക്കി ടൗണിന് സമീപം റോഡ് കുറുകെ കടന്ന മ്ലാവ് ബൈക്കിലിടിച്ച് ചത്തു. അപകടത്തിൽ ബൈക്ക് യാത്രികനായ വാഴത്തോപ്പ് സ്വദേശി ആൽബെറ്റിന് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി–ചെറുതോണി റോഡിൽ ഇടുക്കി പാർക്കിന് സമീപം ഇന്നലെ രാത്രി 1.15-ഓടെയായിരുന്നു അപകടം.
ഇടുക്കിയിൽ നിന്ന് ചെറുതോണിയിലേക്ക് ബൈക്കിൽ വരികയായിരുന്ന ആൽബെറ്റിന്റെ വാഹനത്തിന് മുന്നിലേക്ക് മ്ലാവ് പെട്ടെന്ന് ചാടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മ്ലാവ് സംഭവസ്ഥലത്തുതന്നെ ചത്തു. അപകടത്തിന് പിന്നാലെ യാത്ര തുടർന്ന ആൽബെറ്റ്, പെട്രോൾ പമ്പിന് സമീപം എത്തിയപ്പോൾ കടുത്ത ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റോഡിൽ കുഴഞ്ഞുവീണു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇയാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ യുവാവിന്റെ കൈക്കും കാലിനും പൊട്ടലുള്ളതായി കണ്ടെത്തി.
വിവരമറിഞ്ഞെത്തിയ നഗരംപാറ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ചത്ത മ്ലാവിനെ സ്ഥലത്തുനിന്ന് മാറ്റി. ഇടുക്കി പാർക്കിന് സമീപമുള്ള വനമേഖലയിൽ നിന്ന് റോഡിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് പതിവാണെന്നും ഇവിടെ മുൻപും സമാനമായ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. അപകടങ്ങൾ തുടർക്കഥയാകുന്ന പശ്ചാത്തലത്തിൽ വന്യമൃഗങ്ങൾ റോഡിലേക്ക് കടക്കുന്നത് തടയാൻ ഫെൻസിംഗ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്തണമെന്ന് പൊതുപ്രവർത്തകനായ കെ. എം. ജലാലുദ്ദീൻ ആവശ്യപ്പെട്ടു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



