ക്രിസ്മസ്, ന്യു ഇയർ ആഘോഷങ്ങളോട് അനുബന്ധിച്ചു തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കു സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഡാമിലേക്ക് പ്രവേശിക്കുന്നതിനായുള്ള പാസ് ലഭിക്കുന്നതിനായി മണിക്കൂറുകളോളം സന്ദർശകർക്ക് കാത്തുനിൽക്കേണ്ടി വരികയാണ്. സാങ്കേതികവിദ്യകൾ വർധിച്ചപ്പോഴും ഓൺലൈനായി ടിക്കറ്റുകൾ വിതരണം ചെയ്യാൻ സൗകര്യങ്ങൾ ഉണ്ടായിട്ടും അതിനു ശ്രമിക്കാതെ കൗണ്ടറുകളിലൂടെ എണ്ണം കുറച്ച് ജില്ലാ ആസ്ഥാന മേഖലയിലെ ടൂറിസം സാധ്യതകളെ അധികൃതർ അവഗണിക്കുകയാണ് എന്നാണ് പരക്കെ ആക്ഷേപം ഉയരുന്നത്.
കേരളത്തിലെ ജലസംഭരണികള്‍ ബന്ധിപ്പിച്ച് വിനോദസഞ്ചാരം നടപ്പിലാക്കുന്നതോടെ ബോര്‍ഡിന് അധികവരുമാനവും ഉള്‍പ്രദേശങ്ങളുടെ സാമൂഹിക സാമ്പത്തിക വികസനവും പരിസ്ഥിതി സംരക്ഷണവും നിലനിർത്താൻ സാധിക്കുമെന്ന ലക്ഷ്യം മുൻനിർത്തിയാണ് 1999ല്‍ വൈദ്യുതിവകുപ്പ് ഹൈഡല്‍ ടൂറിസം തുടങ്ങിയത്. വൈദ്യുതി മന്ത്രി ചെയര്‍മാനായ കേരള ഹൈഡല്‍ ടൂറിസം സെന്റര്‍ എന്ന സൊസൈറ്റിയാണ് ഹൈഡല്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. 2014 ൽ ഇടുക്കി ഡാം കേന്ദ്രീകരിച്ച് ഹൈഡല്‍ ടൂറിസം ഒന്നാംഘട്ട പദ്ധതിയില്‍ ഉൾപ്പെടുത്തിയ പലകാര്യങ്ങളും ഇതുവരെയും നടപ്പാക്കിയിട്ടില്ല.
Read Also: നാളത്തെ ഓട്ടോ ടാക്‌സി പണിമുടക്ക് പിൻവലിച്ചു; ചാർജ് വർധന പരിഗണനയിലെന്ന് മന്ത്രി ആന്റണി രാജു
ഇടുക്കി ആര്‍ച്ച്ഡാമിനും ചെറുതോണി അണക്കെട്ടിനും ഇടയിലെ വൈശാലി ഗുഹയില്‍ അക്വേറിയവും പാര്‍ക്കും ഒരുക്കും. ഇടുക്കി ആര്‍ച്ച്ഡാമില്‍നിന്ന് ചെറുതോണി അണക്കെട്ടിലേക്ക് സഞ്ചാരികള്‍ക്ക് യാത്രചെയ്യാന്‍ ഇലക്ട്രിക് ബസ്‌സര്‍വീസ്, ചെറുതോണി അണക്കെട്ടിനു സമീപം ജലാശയത്തോടുചേര്‍ന്ന് സഞ്ചാരികള്‍ക്ക് വിശ്രമിക്കാനുള്ള വിശ്രമകേന്ദ്രവും ഭക്ഷണശാലയും ഒരുക്കും,ടൂറിസം പദ്ധതിയുടെ ഭാഗമായി ഇടുക്കി ആര്‍ച്ച്ഡാമിന്റെ അടിത്തട്ടില്‍ സഞ്ചാരികള്‍ക്കുവേണ്ടി പാര്‍ക്കും ലൈറ്റ് ആന്‍ഡ് സൗണ്ട് സംവിധാനവും ഒരുക്കും ഇങ്ങനെയുള്ള പദ്ധതികൾ തീരുമാനിച്ചെങ്കിലും മിക്കവയും നടപ്പാക്കിയില്ല. ഹിൽ വ്യൂ പാർക്ക്,ഡാമിനു മുകളില്‍കൂടി സഞ്ചരിക്കുന്നതിനായി ബഗ്ഗി കാര്‍ എന്നിവയില്‍ ഒതുങ്ങി മറ്റ് യാതൊരു വികസനവും നടത്താതെ ഹൈഡല്‍ ടൂറിസം പദ്ധതി ഇടുക്കിയിൽ മരവിച്ചുകിടക്കുകയാണ്.

