കോട്ടയം കോഴിചന്ത ജംഗ്ഷന് സമീപം മാർക്കറ്റ് റോഡിൽ ഡീസൽ തീർന്ന് കിടന്ന ലോറിക്ക് ഇൻഷുറൻസില്ല, ടാക്സ് ഇല്ല ,ഫിറ്റ്നസ് സർട്ടിഫിക്കറ്റുമില്ല. ലോറി ഓടിയെത്തിയത് പുനെയിൽ നിന്ന് ഒരു ലോഡ് സവോളയുമായി കോട്ടയത്തേക്ക്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടുകൂടി കോഴി ചന്തയിൽ പൂനെയിൽ നിന്ന് സവാളയുമായി എത്തിയ ലോറി ഡീസൽ തീർന്ന് നടുറോഡിൽ കുടുങ്ങുകയായിരുന്നു. ലോറി നടുറോഡിൽ കുടുങ്ങി ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്ന് നാട്ടുകാർ ട്രാഫിക് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർന്ന് ലോറിയുടെ രേഖകൾ പരിശോധിക്കുകയുമായിരുന്നു.
ട്രാഫിക് എസ്ഐക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും ടാക്സ് അടച്ചിട്ടില്ലെന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നും തിരിച്ചറിയുന്നത്. ഈ വാഹനം രണ്ട് ദിവസം മുൻപാണ് പൂനെയിൽ നിന്ന് കേരളത്തിലേക്ക് യാത്ര തുടങ്ങിയത്.
നാല് സംസ്ഥാനങ്ങൾ കടന്നാണ് ലോറി കോട്ടയത്ത് എത്തിയത്. വാളയാറിൽ കേരള പൊലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കർശന പരിശോധന കഴിഞ്ഞാണ് കേരളത്തിലേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. എന്നാൽ ഇവിടങ്ങളിലൊക്കെ വാഹനത്തിൻ്റെ യാതൊരുവിധ രേഖകളും പരിശോധിച്ചില്ലെന്നും ലോറിക്കാരൻ കൊടുത്ത കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് വാഹനം വിട്ടയച്ചെന്നും വേണം കരുതാൻ. രേഖകളില്ലാതെ ഓടി വന്ന വാഹനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ട്രാഫിക് എസ്എച്ച്ഒ ഹരിഹരൻ്റെ നേതൃത്വത്തിൽ വാഹനം കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്ക് മാറ്റി.
കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്