ഏലത്തോട്ടങ്ങളിൽ നാശം വിതയ്ക്കുന്ന വാനര പടകളെ തുരത്താൻ തോട്ടത്തിന് കാവൽ ചൈനീസ് പാമ്പുകൾ. ഇടുക്കി ഉടുമ്പൻചോലയിൽ സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനായ ബിജുവാണ് കുരങ്ങിനെ തുരത്താൻ പാമ്പുകളെ കൂട്ടുപിടിച്ചത്.

ഇതാണ് ബിജു. പാമ്പിനെയും തൂക്കിപ്പിടിച്ചുള്ള വരവുകണ്ടാൽ ആരും ഒന്ന് പിന്നോട്ടു മാറും. പക്ഷേ പേടിക്കേണ്ട ഈ പാമ്പുകള്‍ കടിക്കില്ല. കുറഞ്ഞ വിലയില്‍ വിപണിയില്‍ ലഭിക്കുന്ന ചൈനീസ് റബർ പാമ്പുകളാണിവ. ബിജു നോക്കി നടത്തുന്ന ഏലത്തോട്ടത്തിൽ കൃഷി നശിപ്പിക്കാനെത്തുന്ന വാനരപ്പട ചത്ത പാമ്പിനെ കണ്ട് ഓടിയതാണ് തുടക്കം. ഇതോടെ പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിൽ നിന്ന് കുറച്ച് റബർ പാമ്പുകളെ വാങ്ങി തോട്ടത്തിൽ ഇട്ടു. സംഗതി വിജയിച്ചതോടെ പല വലുപ്പത്തിലുള്ള 200ലധികം പാമ്പുകളാണ് ഇപ്പോൾ തോട്ടത്തിന് കാവൽ. കഴിഞ്ഞ രണ്ട് വർഷമായി കുരങ്ങു ശല്യം ഇല്ലേയില്ല.

ചൂണ്ട നൂൽ ഉപയോഗിച്ച് മരത്തിലും ചെടികളിലും കെട്ടിവയ്ക്കുന്ന പാമ്പുകൾ ചെറിയ കാറ്റിൽ പോലും അനങ്ങും. തോട്ടത്തിൽ പണിക്കുവന്ന തൊഴിലാളികൾ ഭയന്ന് റബർ പാമ്പുകളെ അടിച്ചു വീഴിച്ചിട്ടുമുണ്ട്. വാനര ശല്യത്തിൽ പൊറുതിമുട്ടിയ മറ്റ് തോട്ടം ഉടമകളും ബിജുവിന്റെ വഴി തന്നെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതോടെ ബിജു സോഷ്യൽ മീഡിയയിലും താരമായി മാറിയിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




