
ഇടുക്കി കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് അറിഞ്ഞതോടെ കോട്ടയം മുട്ടുച്ചിറ സ്വദേശി റോജനും കുടുംബവും അത് കാണാൻ തീരുമാനിച്ചു. ഇതറിഞ്ഞ 87-കാരിയായ അമ്മ ഏലിക്കുട്ടി പോൾ തന്റെ ആഗ്രഹം മകനോട് രഹസ്യമായി പറഞ്ഞു. അതോടെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ തന്നെ മക്കളായ റോജനും സഹോദരൻ സത്യനും തീരുമാനിക്കുകയായിരുന്നു. അങ്ങിനെ അവർ കള്ളിപ്പാറയിൽ പൂത്ത നീലക്കുറിഞ്ഞിയുടെ മനോഹരലോകത്തേക്ക് അമ്മയെ എത്തിച്ചു.
കുഞ്ഞുങ്ങളായിരിക്കേ തങ്ങളെ ഒരുപാട് എടുത്ത് നടന്ന അമ്മയെ കയ്യിൽ എടുത്തുകൊണ്ടാണ് മക്കൾ കള്ളിപ്പാറ മലനിരകളിലേക്ക് എത്തിയത്. രണ്ട് കിലോമീറ്ററോളം ഉള്ള യാത്ര ഓഫ് റോഡ് ജീപ്പിൽ ആയിരുന്നു. അവിടെനിന്നും മക്കൾ അമ്മയെ എടുത്തു മുകളിലേക്ക് നടന്നു. നടക്കുമോ എന്ന് ഉറപ്പില്ലാത്ത തന്റെ ആഗ്രഹം മക്കൾ സാധിച്ചതോടെ, ഏലിക്കുട്ടിയുടെ മുഖത്ത് കണ്ടത് ലോകം കീഴടക്കിയതിന്റെ സന്തോഷമായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

