
മുട്ടം ശങ്കരപ്പിള്ളി മുതല്‍ അറക്കുളം വരെയുള്ള പ്രദേശത്തെ 130 ഏക്കര്‍ സ്ഥലമാണ് വനഭൂമിയാക്കി മാറ്റുന്നത്.ഈ നീക്കത്തിന്‍റെ ഭാഗമായാണ് കുടയത്തൂർ, മുട്ടം വില്ലേജുകളുടെ അതിരുകളില്‍ താമസിക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിത്തുടങ്ങിയത്. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ (എം.വി.ഐ.പി) ഭൂമിയുടെ അതിരുകളില്‍ താമസിക്കുന്ന ഭൂ ഉടമകള്‍ക്കാണ് നോട്ടീസ്. മുട്ടം, അറക്കുളം, കുടയത്തൂര്‍ പഞ്ചായത്തുകളിലായി 330 പേർക്ക് നോട്ടീസ് നൽകിക്കഴിഞ്ഞു. കുടയത്തൂര്‍ പഞ്ചായത്തില്‍ മാത്രം 149 പേര്‍ക്ക് നോട്ടീസ് നല്‍കി. നിശ്ചിത സർവേ നമ്പരിൽപ്പെട്ട ഭൂമിയാണ് എം.വി.ഐ.പി. വനംവകുപ്പിന് കൈമാറുന്നത്.
ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ ഭൂമി ഈ സർവേ നമ്പറിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനായാണ് നോട്ടീസ് നൽകിയിട്ടുള്ളതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നിരുന്നാലും ഇത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. 1965ലെ ഫോറസ്റ്റ് സെറ്റില്‍മെന്‍റ് ചട്ടങ്ങളിലെ ചട്ടം മൂന്നില്‍ സൂചിപ്പിച്ചിരിക്കുന്ന വനം നിയമത്തിലെ ആറാംവകുപ്പ് പ്രകാരമുള്ള പ്രഖ്യാപനം പുറപ്പെടുവിച്ചശേഷം നല്‍കുന്ന നോട്ടീസാണ് സ്ഥല ഉടമകള്‍ക്ക് ഫോറസ്റ്റ് സെറ്റില്‍മെന്‍റ് ഓഫിസര്‍ കൈമാറിയത്. വിഷയം ചര്‍ച്ചചെയ്യാന്‍ കുടയത്തൂര്‍ പഞ്ചായത്ത് മാര്‍ച്ച് ഒന്നിന് അടിയന്തര യോഗം ചേരുന്നുണ്ട്.
എം.വി.ഐ.പിയുടെ കൈവശമിരുന്ന ഭൂമിയാണ് വനംവകുപ്പ് ഏറ്റെടുക്കുന്നത്. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയുടെയും മലങ്കര ജലാശയത്തിന്‍റെയും ഇടയില്‍ വരുന്ന പ്രദേശമാകും വനഭൂമിയായി മാറുക. ഇടമലയാര്‍ ജലസേചന പദ്ധതിക്കുവേണ്ടി വനംവകുപ്പ് എം.വി.ഐ.പിക്ക് 52 ഹെക്ടര്‍ വിട്ടുനല്‍കിയിരുന്നു. ഇതിന് പകരമായി എം.വി.ഐയുടെ കൈവശത്തിലുള്ള ഭൂമി വിട്ടുനല്‍കാമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം മുട്ടം, കുടയത്തൂര്‍, കാഞ്ഞാര്‍, അറക്കുളം മേഖലകളിലെ 52.59 ഹെക്ടര്‍ എം.വി.ഐ.പി ഭൂമി വനംവകുപ്പിന് കൈമാറുന്ന നടപടി ഏറെനാളായി നടന്നുവരികയായിരുന്നു.കഴിഞ്ഞ ഡിസംബറിലാണ് ഇക്കാര്യം വിജ്ഞാപനമായി പുറത്തിറങ്ങിയത്. മലങ്കര ജലാശയത്തിന്‍റെ അതിര് പ്രദേശങ്ങളാണ് വനംവകുപ്പിന് നല്‍കുന്നത്.
വിജ്ഞാപനം സംബന്ധിച്ച് പരാതിയുള്ളവര്‍ നാല് മാസത്തിനകം രേഖാമൂലം അറിയിക്കണം എന്നാവശ്യപ്പെട്ടാണ് ഇപ്പോള്‍ കത്ത് നല്‍കുന്നത്. എം.വി.ഐ.പി ഭൂമി വനംഭൂമിയാകുന്നതോടെ സര്‍ക്കാറിന് സ്ഥലത്തിന്മേലുള്ള അധികാരങ്ങള്‍ ഇല്ലാതാകും. പിന്നീട് കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനാകും അധികാരം. ഭൂമി വനംവകുപ്പിന് നല്‍കിയാല്‍ മലങ്കര ടൂറിസം പദ്ധതിയെ സാരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. മലങ്കര ടൂറിസം പദ്ധതി വികസിപ്പിക്കാന്‍ ഇനിയും ഭൂമി ആവശ്യമാണ്. വനംവകുപ്പിന് ഈ ഭൂമിയെല്ലാം നല്‍കിയാല്‍ ടൂറിസത്തിന് വേറെ ഭൂമി ലഭിക്കാനില്ല. മലങ്കര ജലാശയത്തിന്‍റെ തീരത്ത് നൂറുകണക്കിന് ആളുകളാണ് അധിവസിക്കുന്നത്. ഇവര്‍ കുടിവെള്ളം എടുക്കുന്നത് ജലാശയത്തില്‍നിന്നാണ്. വെള്ളമെടുക്കാന്‍ വനംവകുപ്പിന്‍റെ ഭൂമിയിലൂടെ പൈപ്പിടുക എളുപ്പമാകില്ല.




