
പത്താം ക്ലാസിൽ ഒന്നിച്ച് പഠിച്ചവർ 35 വർഷത്തിനു ശേഷം ഒത്തുചേർന്നപ്പോൾ പഴയ പ്രണയവും പുതുക്കി. തൊടുപുഴക്ക് സമീപം കരിമണ്ണൂർ സ്വദേശിനിയായ അമ്പതുകാരിയായ വീട്ടമ്മയാണ് പഴയ പത്താം ക്ലാസ് കാമുകനൊപ്പം ഇറങ്ങിപ്പോയത്. മൂന്നു മക്കളുടെ അമ്മയായ ഇവരുടെ സ്വന്തം വീട് മൂവാറ്റുപുഴയിലാണ്. മൂന്നാഴ്ച മുൻപ് മൂവാറ്റുപുഴയിലായിരുന്നു പഴയ സഹപാഠികളുടെ ഒത്തുചേരൽ സംഘടിപ്പിച്ചത്. വാട്സ് ആപ്പ് കൂട്ടായ്മയിലൂടെയായിരുന്നു ഒത്തുചേരൽ.
നാലു ദിവസം മുൻപാണ് കോട്ടക്കവലയിൽ നിന്ന് വീട്ടമ്മയെ കാണാനില്ലെന്നു കാണിച്ച് ഭർത്താവ് കരിമണ്ണൂർ പോലീസിൽ പരാതി നൽകിയത്. ഇതിനിടെ ഇവരുടെ സഹപാഠിയായ ആളെ കാണാനില്ലെന്ന് മൂവാറ്റുപുഴ പോലീസിലും പരാതി ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ തിരുവനന്തപുരം, പാലക്കാട് വഴി വേളാങ്കണ്ണിയിൽ എത്തിയതായി വിവരം ലഭിച്ചു.
തുടർന്ന് മൂവാറ്റുപുഴ പോലീസ് ഇവരോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഇന്നലെ ഇരുവരും പോലീസ് സ്റ്റേഷനിൽ ഹാജരായി. മൂവാറ്റുപുഴ എസ്എച്ച്ഒ വിവരമറിയിച്ചതിനെത്തുടർന്ന് കരിമണ്ണൂർ പോലീസ് സ്ഥലത്തെത്തി വീട്ടമ്മയെ കൂട്ടിക്കൊണ്ടുവന്നു. ഇവരെ അടിമാലി കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








