
മാട്ടുപ്പെട്ടി കൊരണ്ടിക്കാട് ഭൂമിപ്രശ്നത്തിൽ മൂന്നാർ സി ഐയുടെ അനാവശ്യ ഇടപെടലിനെതിരെ ഡിജിപിക്ക് കഴിഞ്ഞ ദിവസം പരാതി നല്കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്നാർ സി ഐ മനേഷ് കെ പൗലോസിനെതിരെ അന്വേഷണത്തിന് ഡി ജി പി ഉത്തരവിട്ടത്. കൊരണ്ടിക്കാട് എസ്റ്റേറ്റ് ഡിവിഷൻ നിവാസികളായ ശങ്കർ, ശിവകുമാർ എന്നിവരാണ് സിഐ യുടെ വിവാദ ഇടപെടലിനെതിരെ മാർച്ച് രണ്ടിന് ഡിജിപിക്ക് പരാതി നൽകിയത്. പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാൻ ഡിജിപി ഹെഡ് ക്വാർട്ടേഴ്സ് സ്പെഷ്യൽ സെൽ എസ്പി ക്ക് കൈമാറി.
മാട്ടുപ്പെട്ടി കൊരണ്ടിക്കാട് ഭാഗത്ത് കണ്ണൻ ദേവൻ ഹിൽസ് റിസംപ്ഷൻ ഓഫ് ലാന്റ് ആക്ട് 1971 നിലനിൽക്കുന്നതും തോട്ടങ്ങളുടെ സ്ഥാപിത കുടുംബാംഗങ്ങൾക്ക് അവകാശപ്പെട്ടതുമായ ഭൂമി തങ്ങൾക്ക് അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് തോട്ടം തൊഴിലാളികളും ആശ്രിതരും അടങ്ങുന്ന നാട്ടുകാർ റവന്യൂ അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്തരത്തിൽ അപേക്ഷ നൽകിയവരിൽ പരാതിക്കാരായ ശിവകുമാറും ശങ്കറും ഉൾപ്പെടും. ഭൂമി അളന്നുതിരിച്ച് നൽകണമെന്നും പട്ടയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കളക്ടർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് മാസങ്ങൾക്ക് മുമ്പെ ഇവർ അപേക്ഷ സമർപ്പിച്ചിരുന്നു.
ഇതിന് പിന്നാലെ ഈ പ്രദേശത്തെ ഭൂമി കണ്ണൻദേവൻ കമ്പനി ജീവനക്കാർ അന്യായമായി കൈയേറി വേലി നിർമ്മിക്കുന്നുവെന്നും തങ്ങളുടെ ഉപജീവനമാർഗ്ഗമായ കുതിരയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞമാസം 17-ന് ശിവകുമാറും ശങ്കറും ചേർന്ന് മൂന്നാർ സി ഐക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ സി ഐ ഇടപെട്ടില്ലന്നുമാത്രമല്ല, ഈ മാസം 1-ന് പരാതിക്കാരായ തങ്ങളുടെ മേൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് കേസിൽപ്പെടുത്താൻ ശ്രമിച്ചെന്നും ഇരുവരും പരാതിയിൽ ആരോപിക്കുന്നു.
വൈകിട്ട് മൂന്നരയോടെ സി ഐ മനേഷ് കെ പൗലോസ്,എസ്ഐ നിസാർ എന്നിവർ ഉൾപ്പെടെ പൊലീസ് സംഘം സ്ഥലത്തെത്തുകയും തങ്ങൾ നൽകിയ പരാതിയിലെ എതിർവിഭാഗക്കാരെ സഹായിക്കുന്ന തരത്തിൽ പെരുമാറിയെന്നും ഇതുവഴി പൊതുസമൂഹത്തിന് മുന്നിൽ തങ്ങളെ മോശക്കാരാക്കുന്നതിനുള്ള ആസൂത്രിത നീക്കമാണ് സി ഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഇവർ വ്യക്തമാക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥരും കണ്ണൻ ദേവൻ കമ്പനിയുടെ അൻപതോളം വരുന്ന ഗുണ്ടകളും ചേർന്ന് തങ്ങളെ കൈയേറ്റംചെയ്യാൻ ശ്രമിച്ചെന്നും വിനോദ സഞ്ചാരികൾക്ക് സഫാരിക്കായി നൽകിയിരുന്ന തങ്ങളുടെ കുതിരകളെ വിരട്ടിയോടിച്ചെന്നും ഇത് വീഡിയോയിൽ പകർത്താൻ ശ്രമിച്ചതിന് തങ്ങളുടെ ഫോൺ പൊലീസ് തട്ടിയെടുക്കാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പരാതിക്കാരായ തങ്ങളെ ഭീഷിണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതിനാണ് സി ഐ നീക്കം നടത്തിയത്. ഇതിന് പിന്നിൽ വൻ സാമ്പത്തിക -രാഷ്ട്രീയ സ്വാധീനം ഉണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് സേനയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്. സിവിൽ തർക്കങ്ങളിൽ പൊലീസിന്റെ അനാവശ്യ ഇടപെടൽ പാടില്ല എന്ന് കേരള ഹൈക്കോടതിയുടേയും സുപ്രിം കോടതിയുടേയും നിരവധി വിധിന്യായങ്ങൾ നിലവിലുണ്ട്. ഇതിന്റെ പരസ്യമായ ലംഘനമാണ് കൊരണ്ടിക്കാട് നടന്നിട്ടുള്ളത്, പരാതിക്കാർ വിശദമാക്കി.
ഭാഷാ-ന്യൂനപക്ഷങ്ങളായ തമിഴ് പട്ടികജാതി അടക്കമുള്ളവരും നൂറ്റാണ്ടുകളായി ഭൂരഹിതരും ഭവനരഹിതരും ആയികഴിയുകയാണെന്നും തോട്ടം തൊഴിലാളികളുടെ സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്നത്തിനാണ് പൊലീസ് വിലങ്ങുതടിയാവുന്നതെന്നും ഇവരും പറയുന്നു. അതേസമയം നിയമപരമായി മാത്രമാണ് പ്രശ്നത്തിൽ ഇടപെട്ടതെന്നും, സ്ഥലത്ത് ഉണ്ടായ സംഘർഷ സാഹചര്യം ഒഴിവാക്കാൻ ഇരുകൂട്ടരെയും സ്ഥലത്ത് നിന്നും പറഞ്ഞയക്കുക മാത്രമാണ് ചെയ്തതെന്നും മൂന്നാർ സി ഐ മനേഷ് കെ പൗലോസ് വ്യക്തമാക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








