
ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫീസുകളുടെ പ്രവർത്തനം മാർച്ച് 31-ന് നിർത്തലാക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരുന്നു. കരിമണ്ണൂർ, രാജകുമാരി, കട്ടപ്പന, മുരിക്കാശേരി, നെടുങ്കണ്ടം എന്നീ ഓഫീസുകൾ നിർത്തലാക്കാനാണ് സർക്കാർ തീരുമാനം. കരിമണ്ണൂർ ഓഫീസിലെ ഫയലുകൾ ഇടുക്കി എൽ.എ. ഓഫീസിലേക്കും, രാജകുമാരി ഓഫീസിലെ ഫയലുകൾ ദേവികുളം തഹസീൽദാർക്കും കൈമാറണം. കട്ടപ്പന, മുരിക്കാശേരി ഓഫീസുകളിലെ ഫയലുകൾ ഇടുക്കി തഹസീൽദാർക്കും നെടുങ്കണ്ടം ഓഫീസിലെ ഫയലുകൾ ഉടുമ്പൻചോല തഹസീൽദാർക്കും കൈമാറാനാണ് നിർദേശം.
Also Read: മദ്യപാനത്തിനിടെ സംഘര്‍ഷം; ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ അറസ്റ്റില്‍.
വനഭൂമി കുടിയേറ്റം ക്രമീകരിക്കുന്നതിന് കേരള ഭൂമി പതിവ് പ്രത്യേക ചട്ടങ്ങൾ പ്രകാരമാണ് എൽ.എ. ഓഫീസുകൾ രൂപവത്കരിക്കപ്പെട്ടത്. ഇടുക്കി ജില്ലയിൽ ആറും തൃശ്ശൂരിൽ ഒരെണ്ണവുമാണ് സ്ഥാപിച്ചത്. അപേക്ഷ സ്വീകരിച്ച് സർവേ നടത്തി, പട്ടയം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇവിടെ ചെയ്തുകൊണ്ടിരുന്നത് എന്നിട്ടും 2022-ലെ കണക്കു പ്രകാരം കട്ടപ്പന-4851, രാജകുമാരി-6588, നെടുങ്കണ്ടം- 12,590, കരിമണ്ണൂർ-10,950, മുരിക്കാശേരി-6,800 എന്നിങ്ങനെ 41,779 പട്ടയ അപേക്ഷകളാണ് നടപടി കാത്ത് കിടക്കുന്നത്.
ഏതാനും മാസങ്ങൾക്കിടെ കുറെ പട്ടയങ്ങൾ നൽകിയെങ്കിലും അതിൽ കൂടുതൽ പുതിയ അപേക്ഷകൾ ലഭിച്ചിട്ടുമുണ്ട്. ഇത്തരമൊരു അവസ്ഥയിൽ അഞ്ച് ഓഫീസുകൾ നിർത്തലാക്കുന്നത് പട്ടയ നടപടികളെ അവതാളത്തിലാക്കും. മുൻപ് പട്ടയ അപേക്ഷകൾ താലൂക്ക് ഓഫീസുകളിലായിരുന്നു പരിഗണിച്ചിരുന്നത്. അപേക്ഷകൾ കുന്നുകൂടിയതോടെയാണ് ഭൂപതിവ് ഓഫീസുകൾ തുറന്നത്. ഇപ്പോൾ വീണ്ടും പട്ടയ ഫയലുകൾ തഹസിൽദാർക്കും മറ്റും കൈമാറാനാണ് തീരുമാനം. ഇത് വനഭൂമി ക്രമീകരണ പട്ടയ അപേക്ഷകൾ പരിഗണിക്കുന്നതിന് തടസ്സമാകും.
അതേസമയം മാർച്ച് 31 മുതൽ നിർത്തലാക്കാൻ സർക്കാർ തിരുമാനിച്ച ജില്ലയിലെ അഞ്ചുഭൂപതിവ് ഓഫീസുകളുടെ പ്രവർത്തന കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കലക്ടർ ഷീബ ജോർജ് കത്തെഴുതി. ഓഫീസുകൾ നിർത്തലാക്കുമ്പോൾ കൈമാറി കിട്ടുന്ന ഫയലുകൾ മറ്റു ജോലിത്തിരക്കുകൾക്ക് ഇടയിൽ താലൂക്ക് ഓഫീസുകളിൽ കെട്ടിക്കിടക്കും എന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് കളക്ടർ സർക്കാരിനു കത്തുനൽകിയത്. ജില്ലാ ഭരണ കൂടത്തിന്റെ ആവശ്യം സർക്കാർ പരിഗണിക്കുമെന്ന വിശ്വാസവും കളക്ടർ പ്രകടിപ്പിക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








