
തൊടുപുഴക്ക് സമീപം ഇടവെട്ടിയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ പന്ത്രണ്ടുകാരനെ സമീപവാസിയുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. താരം പാലിയത്ത് ഓഡിറ്റോറിയത്തിനു സമീപമായിരുന്നു സംഭവം. വീടിന് സമീപത്ത് മറ്റ് കുട്ടികൾ പന്ത് കളിക്കുന്നതുകണ്ട് കിണീറിന്റെ മതിലിൽ ഇരിക്കുകയായിരുന്നു പന്ത്രണ്ടുകാരൻ പെട്ടെന്ന് പന്ത് അടുത്തേക്കുവന്നപ്പോൾ കുട്ടി പുറകിലേക്ക് വഴുതിമാറി. ഇതോടെ 35 അടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
ഉടൻതന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് കുട്ടിക്ക് പിടിച്ചുനിൽക്കാൻ കിണറ്റിലേക്ക് കയറിട്ടുകൊടുത്തു. തുടർന്ന് പ്രദേശവാസിയായ സുനീർ കിണറ്റിലിറങ്ങി കുട്ടിയെ കരയ്ക്ക് കയറ്റാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഉടൻതന്നെ ഒരു കോവണി കിണറ്റിൽ കെട്ടിയിറക്കിയ ശേഷം സുനീർ കുട്ടിയെ അതിൽ സുരക്ഷിതമായി കയറ്റി നിറുത്തി. സുനീർ മോട്ടോറിന്റെ പമ്പിലും പിടിച്ചുനിന്നു.
ഏകദേശം 20 മിനിട്ടോളം ഇങ്ങനെ നിന്നപ്പോഴേക്കും തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി. സംഘം കിണറ്റിലേക്കിറക്കി നൽകിയ വലയുപയോഗിച്ച് കുട്ടിയെ കരയ്ക്കെത്തിക്കുകയായിരുന്നു. കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. അസി. സ്റ്റേഷൻ ഹൗസ് ഓഫീസർ അബ്ദുൾ സലാം, ടി.കെ.ജയറാം, ബിബിൻ കെ.തങ്കപ്പൻ, അൻവർ ഷാ, സി.എസ്.എബി, ഷൗക്കത്ത് തുടങ്ങിയവരങ്ങുന്ന സംഘമാണ് കിട്ടിയെ രക്ഷപ്പെടുത്തിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








