
കോടികള്‍ ചെലവിട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍റെ സെക്രട്ടേറിയറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കുന്നു. 2.11 കോടി രൂപ ചെലവഴിച്ചു മുഖ്യമന്ത്രിയുടെ ഓഫിസും കോണ്‍ഫറന്‍സ് ഹാളും അടക്കമുള്ള നവീകരണ പ്രവൃത്തികളുടെ ഉത്തരവ് പൊതു ഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഇറക്കി.
Also Read: മദ്യലഹരിയിൽ നടുറോഡിൽ ഭർത്താവും ഭാര്യയും ഏറ്റുമുട്ടി; 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു
മുഖ്യമന്ത്രിയുടെ ഓഫീസും ചേംബറും 60.46 ലക്ഷം മുടക്കിയാണ് നവീകരിക്കുന്നത്. ഇന്‍റീരിയര്‍ വര്‍ക്കിനു മാത്രം 12.18 ലക്ഷം രൂപയ്ക്കാണ് അനുമതി. ഫര്‍ണിച്ചര്‍ വര്‍ക്കിന് 17.42 ലക്ഷവും അനുവദിച്ചു. പിണറായി വിജയന്‍റെ നെയിം ബോര്‍ഡ്, എംബ്ലം, ഫ്ലാഗ് പോള്‍സ് എന്നിവ തയാറാക്കുന്നതിന് 1.56 ലക്ഷം രൂപയാണു ചെലവു കണക്കാക്കുന്നത്. ടോയ്‌ലറ്റിനും റസ്റ്റ് റൂമിനും 1.72 ലക്ഷം, സ്പെഷല്‍ ഡിസൈന്‍ ഉള്ള ഫ്ലഷ് ഡോറിന് 1.85 ലക്ഷം. 92,920 രൂപയുടെ സോഫ അടക്കം സിവില്‍ വര്‍ക്കിന്‍റെ നവീകരണത്തിന് ചെലവഴിക്കുന്നത്-6.55 ലക്ഷമാണ്. ഇലക്‌ട്രിക്കല്‍ വര്‍ക്ക് 4.70 ലക്ഷം, എസി 11.55 ലക്ഷം, ഫയര്‍ ഫൈറ്റിംഗ് വര്‍ക്ക്സ് 1.26 ലക്ഷം.
മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെയും ചേംബറിന്‍റെയും 60.46 ലക്ഷത്തിന്‍റെ നവീകരണ പ്രവൃത്തികളാണ് ഇവ. ഇതു കൂടാതെയാണ് 1.50 കോടി രൂപ പിണറായിയുടെ കോണ്‍ഫറന്‍സ് ഹാള്‍ നവീകരണത്തിനു ചെലവഴിക്കുന്നത്. കോണ്‍ഫറന്‍സ് ഹാളിന്‍റെ ഇന്‍റീരിയര്‍ വര്‍ക്കിനായി 18.39 ലക്ഷവും ഫര്‍ണിച്ചറിന് 17.42 ലക്ഷവും നെയിം ബോര്‍ഡ്, എംബ്ലം എന്നിവയ്ക്ക് 1.51 ലക്ഷവുമാണ്. ടോയ് ലെറ്റ് 1.39 ലക്ഷം, പ്ലംബിംഗ് 1.03 ലക്ഷം, 74,000 രൂപയുടെ കിച്ചണ്‍ ഉപകരണങ്ങള്‍, സ്പെഷല്‍ ഡിസൈന്‍ ഉള്ള ഫ്ലഷ് ഡോറുകള്‍ക്ക് 1.85 ലക്ഷവും വേണം. 6.77 ലക്ഷത്തിന് ഇലക്‌ട്രിക്കല്‍ വര്‍ക്സ്, 1.31 ലക്ഷത്തിന് ഫയര്‍ ഫൈറ്റിംഗ് വര്‍ക്ക്സ്, 13.72 ലക്ഷത്തിന്‍റെ എസി, 79 ലക്ഷം രൂപയുടെ ഇലക് ട്രോണിക്സ് വര്‍ക്സ് എന്നിവയാണ് കോണ്‍ഫറന്‍സ് ഹാളിന്‍റെ നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുന്നത്.
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും സ്ഥിതി ചെയുന്നത്. പൊതുമരാമത്ത് വകുപ്പിനാണ് നവീകരണ പ്രവൃത്തികളുടെ ചുമതലയെങ്കിലും എത്രയും വേഗം പണിതീര്‍ക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. ടെന്‍ഡര്‍ വിളിച്ച് പ്രവൃത്തി ചെയ്യാന്‍ കാലതാമസം നേരിടുമെന്നതിനാല്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റി പ്രവൃത്തി ഏറ്റെടുക്കും. നിലവില്‍ എല്ലാവിധ സൗകര്യങ്ങളുമുള്ള മുഖ്യമന്ത്രിയുടെ ഓഫീസും കോണ്‍ഫറന്‍സ് ഹാളുമാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് വീണ്ടും കോടികള്‍ മുടക്കി നവീകരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്