വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടര കിലോ കഞ്ചാവുമായി മൽസ്യ വ്യാപാരി ഉൾപ്പെടെ രണ്ടുപേരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. കട്ടപ്പന മാർക്കറ്റിലെ മത്സ്യവ്യാപാരിയായ കട്ടപ്പന കല്ലുകുന്ന് സ്വദേശി ബ്ലാഹുംപുരയിടത്തിൽ ഷാജി എന്നറിയപ്പെടുന്ന ഷാജഹാൻ (41), വെസ്റ്റ് ബംഗാൾ സ്വദേശിയായ അതിഥി തൊഴിലാളി ലാൽറ്റുകായാൽ(36) എന്നിവരാണ് അറസ്റ്റിലായത്. പോലീസിന്റെ രാത്രികാല പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ ചേന്നാട്ടുമറ്റം ജംഗ്ഷൻ സമീപത്ത് വെച്ച് സംശയാസ്പദമായ സാഹചര്യത്തിൽ പ്രതികളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇവരുടെ കൈവശമുണ്ടായിരുന്ന കവറിൽ നിന്നും രണ്ടര കിലോ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കട്ടപ്പന കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വില്പന നടത്തി വരികയായിരുന്നു പ്രതികളെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധിയിൽ ഷാജഹാന്റെ പേരിൽ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാജഹാന്റെ സ്ഥാപനത്തിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ മുൻപും പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.