
തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാൻഡില്‍ ബസ് ജീവനക്കാരുടെ കൈയാങ്കളിയും ഗുണ്ടായിസവും പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സ്റ്റാൻഡിലുണ്ടായ തർക്കത്തെത്തുടർന്ന് ബസ് ഡ്രൈവറുടെ തല അടിച്ചു പൊട്ടിച്ചു.
തൊടുപുഴ-ചെപ്പുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലാഴി ബസിലെ ഡ്രൈവര്‍ റോബിനെയാണ് തൊടുപുഴ-മൂവാറ്റുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തച്ചുപറമ്പൻ ബസിലെ ജീവനക്കാര്‍ ആക്രമിച്ചത്. നഗരത്തിലെ മോര്‍ ജംഗ്ഷനില്‍വച്ചുണ്ടായ ഓവര്‍ടേക്കിംഗിനെ സംബന്ധിച്ചുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
മോര്‍ ജംഗ്ഷനില്‍വച്ച് ഇവര്‍ തമ്മില്‍ സമയക്രമത്തെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. പിന്നീട് പാലാഴി ബസ് സ്റ്റാൻഡിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തില്‍ കയറിയ തച്ചുപറമ്പൻ ബസ് ജീവനക്കാരായ സലാം, സുഭാഷ് എന്നിവര്‍ ടിക്കറ്റ് മെഷീൻ കൊണ്ട് റോബിനെ ആക്രമിക്കുകയായിരുന്നു.
മറ്റു ജീവനക്കാര്‍ തടയാൻ ശ്രമിച്ചെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ മറ്റുള്ളവര്‍ പിൻവാങ്ങി. തുടര്‍ന്ന് ബസ് സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥൻ അറിയിച്ചതോടെ പോലീസ് എത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇവരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. തലയ്ക്കു പരിക്കേറ്റ റോബിൻ ചികിത്സയിലാണ്.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു യാത്രക്കാരുടെ മുന്നിലാണ് ആക്രമണം നടന്നത്. പതിവായി ഇവിടെ ബസ് ജീവനക്കാര്‍ തമ്മിലടിക്കുന്നതും അസഭ്യവര്‍ഷം നടത്തുന്നതും പതിവാണ്. ചില ബസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണെന്നു നാട്ടുകാരും വ്യാപാരികളും പറയുന്നു. ഇവര്‍ക്ക് ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയുടെ ഒത്താശയമുണ്ട്.
ബസ് സ്റ്റാൻഡില്‍ ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റവും കൈയാങ്കളിയും പതിവാണെങ്കിലും സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഒരു പോലീസ് ഉദ്യോഗസ്ഥൻ മാത്രമാണ് ഡ്യൂട്ടിക്കുണ്ടാകുക. സംഘര്‍ഷം അറിഞ്ഞാലും ഇതു പതിവു പരിപാടിയായതിനാല്‍ പോലീസ് എത്തുന്നതു വൈകിയാണെന്ന് ആക്ഷേപമുണ്ട്. അക്രമം നടത്തുന്ന ബസ് ജീവനക്കാര്‍ക്കും ഇവരെ നിയന്ത്രിക്കാത്ത ചില ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചാല്‍ ഇതിനു അറുതി വരുത്താൻ കഴിയുമെന്നാണ് മറ്റ് ബസുടമകള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം കോലാനിയില്‍ കെഎസ്‌ആര്‍ടിസി ബസിനു പിന്നിലിടിപ്പിക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യാനും ശ്രമിച്ച ഒടിയൻ എന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ദിവസങ്ങള്‍ക്കു ശേഷമാണ് പുറത്തിറക്കിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







