കൊച്ചി ധനുഷ്കോടി ദേശിയപാതയിൽ ആന വിരട്ടിക്കും ഇരുട്ടുകാനത്തിനുമിടയിൽ വിനോദ സഞ്ചാര സംഘമെത്തിയ ബസ് അപകടത്തിൽപ്പെട്ടു. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ബസ് റോഡിൽ നിന്നും തെന്നിമാറുകയായിരുന്നു.
ബസ്സിന്റെ പിൻഭാഗത്ത് ടയർ കൊക്കയിലേക്ക് നിരങ്ങി ഇറങ്ങി. ഈ സമയം ആളുകൾ പുറത്തിറങ്ങാൻ ശ്രമിച്ചതോടെ വാഹനം വീണ്ടും ചരിഞ്ഞു. വാഹനത്തിൽ 48 യാത്രക്കാരന് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
മറ്റു വാഹന യാത്രികരും നാട്ടുകാരും അടിമാലി ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് അംഗങൾ റോപ്പ് ഉപയോഗിച്ച് വാഹനത്തെ സമീപത്തെ മരവുമായി ബന്ധിച്ചു. തുടർന്ന് എമർജൻസി വാതിൽ വഴിയും ഡ്രൈവർ ക്യാബിൻ വഴിയും യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.
വാഹനം താഴേക്ക് പതിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തം സംഭവിക്കുമായിരുന്നു. തുടർന്ന് ഫയർഫോഴ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് വാഹനം റോഡിലേക്ക് വലിച്ചു കയറ്റി.





