
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഇരുപതുകാരനും തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച 5 പേരുൾപ്പെടെ 6 പേർ അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്പയാർ പട്ടത്തിമുക്ക് സ്വദേശി ആലാട്ട് അശ്വിൻ സന്തോഷ് (20), തട്ടിക്കൊണ്ട് പോയി ഒളിവിൽ പാർപ്പിച്ച ഇടുക്കി തോപ്രാംകുടി-പെരുംതൊട്ടി സ്വദേശി അത്യാലിൽ അലൻ മാത്യു (23), ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ് ഗോപി (19), ഇടുക്കി ചുരുളി ആൽപ്പാറ സ്വദേശി കറുകയിൽ ആരോമൽ ഷാജി(19), പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിൽ മാളിയേക്കൽ ജസ്റ്റിൻ, ജസ്റ്റിന്റെ മകൻ സ്പിൻ വിൻ(19) എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
തങ്കമണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഴിഞ്ഞ 26-ന് പതിനാറുകാരിയായ പെൺകുട്ടി വീട്ടിൽ നിന്നും സ്കൂളിൽ പോകുകയാണെന്ന് പറഞ്ഞു പോയ ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവ് 28-ന് തങ്കമണി പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത തങ്കമണി പോലീസ് ഉടൻതന്നെ ജില്ലാ പോലീസ് മേധാവി വി.യു കുര്യാക്കോസിനെയും കട്ടപ്പന ഡി വൈ എസ് പി വി.എ നിഷാദ് മോനെയും വിവരം ധരിപ്പിച്ചു. ഇരുവരുടെയും നേതൃത്വത്തിൽ ധൃതഗതിയിൽ നടത്തിയ അന്വേഷണത്തിൽ കേസ്സ് രെജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ലഹരി സംഘത്തോടൊപ്പം ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയും, ഏഴു ദിവസങ്ങൾക്കു മുമ്പ് വീട് വിട്ട ഇടുക്കി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടി(16)യെയും പോലീസ് കണ്ടെത്തി.
ലഹരിക്കടിമകളായ യുവാക്കൾക്ക് പെൺകുട്ടിയെ കട്ടപ്പനയിൽ നിന്നും സ്കൂട്ടറിൽ കയറ്റി പള്ളൂരുത്തിയിൽ എത്തിച്ചു നൽകിയത് തോപ്രാംകുടി സ്വദേശിയായ അലൻ മാത്യുവാണ്. ലഹരി സംഘത്തിന്റെ കൈയിലെത്തിയ കുട്ടിയെ പള്ളുരുത്തി ഡോൺ ബോസ്കോ കോളനിയിലെ മാളിയേക്കൽ ജസ്റ്റിന്റെ വീട്ടിലെ ഇരുൾമുറിയിൽ പൂട്ടിയിടുകയായിരുന്നു. പിടിയിലായ ആറുപേർക്കെതിരെ രണ്ടു കേസുകൾ എടുത്തിട്ടുണ്ട്. പ്രതികളുടെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്വേഷിച്ച് കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാവുമെന്ന് കട്ടപ്പന ഡി വൈ എസ് പി വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പ്രത്യേക അന്വേഷണ സംഘത്തിൽ തങ്കമണി എസ് ഐ കെ എം സന്തോഷ്, എസ് ഐ ബെന്നി ബേബി, പി ആർ ഓ .പി പി വിനോദ്, എ എസ് ഐമാരായ എൽദോസ്. സ്മിത. K. B, സന്തോഷ് മാനുവൽ, എസ്സിപിഓമാരായ ജോഷി ജോസഫ്,സന്തോഷ്, ബിനോയ് ജോസഫ്,സുനിൽ മാത്യു, ബിപിൻ സെബാസ്റ്റ്യൻ, സിപിഓമാരായ രാജേഷ്, അനസ് കബീർ, രഞ്ജിത, ആതിര തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







