മഴക്കാല പൂർവ്വ മുന്നൊരുക്കത്തിന്റെ ഭാഗമായി അപകടരമായ സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് കാട്ടി ജില്ലാ കളക്ടറുടെ നിർദ്ദേശം പതിവ് പോലെ ഉണ്ടാകുന്നതല്ലാതെ ഇത് പലയിടത്തും നടപ്പിലാകുന്നില്ല. മഴ തുടങ്ങിയതോടെ ഓരോ ദിവസവും വലുതും ചെറുതുമായ ഒന്നിലധികം മരങ്ങളാണ് സംസ്ഥാനപാതയിലേക്ക് പതിക്കുന്നതും തുടർന്ന് ഗതാഗതം തടസ്സപ്പെടുന്നതും. യാത്രക്കാരും വാഹനഡ്രൈവർമാരും ജീവൻ പണയം വെച്ച് വേണം ഈ മഴക്കാലത്ത് ജില്ലാ ആസ്ഥാന മേഖലയിലൂടെ സഞ്ചരിക്കാൻ.
Also Read: ഇടുക്കി പനംകുട്ടിയിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു.
ഇന്ന് രാവിലെ കുളമാവിന് സമീപം റോഡിലേക്ക് മരം വീണ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മരം വീഴുന്നത് കണ്ട് ഇരുചക്രവാഹനം ബ്രേക്ക് ചെയ്യുന്നതിനിടെ പിന്നാലെ എത്തിയ വാഹനം ഇടിച്ച് ചെറുതോണി സ്വദേശിയായ ബൈക്ക് യാത്രികനും പരിക്കേറ്റു. ഒരു മണിക്കൂറോളം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ആംബുലൻസ് ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് കുടുങ്ങിക്കിടന്നത്. നാട്ടുകാരുടെയും വാഹനയാത്രികരുടെയും നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി ഭാഗീകമായി ഗതാഗതം പുനഃസ്ഥാപിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി മരം പൂർണ്ണമായി വെട്ടിമാറ്റി ഗതാഗതതടസ്സം നീക്കി.
മഴക്കാലമായതോടെ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകിവീണും കൊമ്പുകൾ ഒടിഞ്ഞും റോഡ് ഗതാഗതം തടസപ്പെടുകയാണ്. വാഹനങ്ങളുടെ മുകളിൽവരെ മരംവീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി തവണ വൈദ്യുതി ലൈനുകൾ തകരുകയും വാഹനങ്ങൾക്ക് അപകടം ഉണ്ടായിട്ടും അധികാരികൾ തിരിഞ്ഞു നോക്കിയില്ല. അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് ജില്ലാഭരണകൂടത്തിന്റെ നിർദേശമുണ്ടായിരുന്നു. എന്നിട്ടും ഇക്കാര്യത്തിൽ അധികൃതർ വേണ്ടത്ര ജാഗ്രത കാട്ടുന്നില്ലെന്നതാണ് വസ്തുത.
ദുരന്തനിവാരണ നിയമം അനുസരിച്ച് പഞ്ചായത്ത് ട്രീ കമ്മിറ്റിയും വില്ലേജ് വികസനസമിതിയുമാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത്. എന്നാൽ ഇവർ ഇതിന് തയാറാകുന്നില്ല. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തും. അതിനാൽ രാത്രിയിൽ മരം വീണ് അപകടമുണ്ടാകില്ലായെന്ന് പ്രതീക്ഷിക്കാം..... എങ്കിലും പകൽ സൂക്ഷിക്കുക.............
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








