കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു. വാഴൂര്‍ സോമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. വണ്ടിപ്പെരിയാര്‍ വള്ളക്കടവ് പ്രദേശത്തെ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യ കാലത്ത് ആരംഭിച്ച കുരുമുളക് വിപണനകേന്ദ്രമാണ് കാര്‍ഷിക വിപണന കേന്ദ്രമാക്കി മാറ്റിയത്. 2022-23 സാമ്പത്തികവര്‍ഷത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് 22 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. കര്‍ഷകര്‍ക്ക് അവര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ ഇവിടെ എത്തിച്ച് വില്‍പ്പന നടത്താനാവും. കൂടാതെ ക്ഷീരകര്‍ഷകര്‍ക്ക് വെറ്ററിനറി ഡോക്ടറുടെ സഹായവും ഇവിടെ ലഭ്യമാക്കും.
ചെറുതോണിയിലെ ഗതാഗതക്കുരുക്ക്; യോഗം ആഗസ്റ്റ് 22 ന്
ഇടുക്കി ചെറുതോണി മുതല്‍ വഞ്ചിക്കവല വരെ റോഡിന്റെ ഇരുപാര്‍ശ്വങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മൂലം വാഹനഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഇടുക്കി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, തൊഴിലാളി യൂണിയന്‍ സംഘടനകള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുടെ യോഗം ആഗസ്റ്റ് 22 ന് ചൊവ്വാഴ്ച രണ്ടുമണിക്ക് ചെറുതോണി വ്യാപാരി വ്യവസായി ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്നും പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ യോഗത്തില്‍ ഹാജരായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഇടുക്കി ആര്‍ ടി ഒ ആര്‍.രമണന്‍ അറിയിച്ചു.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഇടുക്കി ഗവ. മെഡിക്കല്‍ കോളേജിലെ ഔട്ട്‌സോഴ്‌സ് താല്‍ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് പരമാവധി 89 ദിവസത്തേക്കോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരേക്കോ താല്‍ക്കാലിക ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ആഗസ്റ്റ് 24 ന് രാവിലെ 11 മണിക്ക് ഇടുക്കി ഗവ. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തിലാണ് അഭിമുഖം. യോഗ്യത ഡിപ്ലോമ എം.എല്‍.ടി (ഡി.എം.ഇ) അല്ലെങ്കില്‍ ബി. എസ്. സി. എം. എല്‍. ടി (കെ യു എച്ച് എസ്) പാസ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ദിവസവേതനം 850 രൂപയും പരമാവധി പ്രതിമാസ വേതനം 22,950 രൂപയുമായിരിക്കും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും തിരിച്ചറിയല്‍ രേഖകളും ഒരു ഫോട്ടോയും സഹിതം പ്രിന്‍സിപ്പല്‍ ഓഫീസില്‍ ഹാജരാകണം.
താത്കാലിക റാങ്ക് ലിസ്റ്റ് പരിശോധിക്കാം
സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലെ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ഗവ. ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സിംഗ് ട്രെയിനിങ് സെന്ററില്‍ 2023-2025 വര്‍ഷത്തെ എ എന്‍ എം കോഴ്‌സിന് അപേക്ഷ സമര്‍പ്പിച്ച പാലക്കാട്, തൃശൂര്‍, മലപ്പുറം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഉദ്യോഗാര്‍ഥികളുടെ താല്‍ക്കാലിക റാങ്ക് ലിസ്റ്റ് തയ്യാറായിട്ടുണ്ട്. അതത് ജില്ലാ മെഡിക്കല്‍ ഓഫീസുകളില്‍ നിന്നോ പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നിന്നോ റാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്.
അക്കൗണ്ടിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ടാലി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അടുത്തുള്ള കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9072592412, 9072592416
പി. എഫ്. പരാതിപരിഹാര ക്യാമ്പ് ആഗസ്റ്റ് 28ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ എല്ലാ മാസവും ജില്ലാ അടിസ്ഥാനത്തില്‍ നിധി ആപ്പ് നികട് 2.0 ( പി.എഫ്. നിങ്ങളുടെ അരികെ) എന്ന പേരില്‍ നടത്തുന്ന പരാതിപരിഹാര, ബോധവല്‍ക്കരണ ക്യാമ്പ് ആഗസ്റ്റ് 28 ന് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കും. ഇടുക്കി ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന സമ്പര്‍ക്ക പരിപാടിയില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പരാതി വിശദമായി എഴുതി അസിസ്റ്റന്റ് പി എഫ് കമ്മീഷണര്‍, ഇ പി എഫ് ഒ ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന മേല്‍വിലാസത്തില്‍ മൂന്നാര്‍ പിഎഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ do.munnar@epfindia.gov.in എന്ന ഇ-മെയിലിലോ ആഗസ്റ്റ് 23 ന് മുമ്പ് ലഭിക്കത്തക്ക വിധം അയക്കണം. പരാതിയില്‍ പി എഫ് നമ്പര്‍, യുഎഎന്‍, പിപിഒ നമ്പര്‍, എസ്റ്റാബ്ലിഷ്‌മെന്റ് കോഡ് നമ്പര്‍, മൊബൈല്‍ നമ്പര്‍(ബാധകമായവ) എന്നിവ ചേര്‍ത്തിരിക്കണം. പരിപാടി ദിവസം നേരിട്ട് എത്തിയും പരാതി ബോധിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895533820.
ആഗസ്റ്റ് 31 വരെ ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാം
ഓണം-ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ആഗസ്റ്റ് 31 വരെയാണ് സഞ്ചാരികള്‍ക്ക് അണക്കെട്ട് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ബുധനാഴ്ചകളിലും വെള്ളം തുറന്നു വിടേണ്ട സാഹചര്യമുണ്ടായാല്‍ ആ ദിവസങ്ങളിലും സന്ദര്‍ശനനുമതിയുണ്ടായിരിക്കില്ല. സന്ദര്‍ശനത്തിന്എത്തുന്നവര്‍ പൂര്‍ണമായി ഹരിതചട്ടം പാലിക്കണം. സന്ദര്‍ശകര്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ അനാവശ്യമായി വലിച്ചെറിയെരുത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കൂടുതല്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. അണക്കെട്ടിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്‌കരണത്തിന് പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിക്കും. സിസിടിവി നിരീക്ഷണത്തിലൂടെയും മെറ്റല്‍ ഡിറ്റക്ടറുകളുടെയും സഹായത്തോടെയുമാകും അണക്കെട്ടിലേക്ക് പ്രവേശനം അനുവദിക്കുക.
വനിതാക്കമ്മിഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് 21ന്
കേരള വനിതാക്കമ്മിഷന്‍ മെഗാ അദാലത്ത് ആഗസ്റ്റ് 21ന് രാവിലെ 10 മുതല്‍ ഇടുക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.