HONESTY NEWS ADS

അടിമാലിയിൽ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം; അപകടം വിനോദസഞ്ചാരികളെ ആനപ്പുറത്ത് കയറ്റുന്നതിനിടെ, അടിയന്തര റിപ്പോര്‍ട്ട് തേടി വനംവകുപ്പ് മന്ത്രി

ഇടുക്കി: അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


ഇടുക്കി അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.  കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്‌പൈസസ് എന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. വിനോദസഞ്ചാരികളെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആക്രമണം നടക്കുന്ന സമയത്ത് ആനയുടെ തൊട്ടടുത്ത് വിനോദസഞ്ചാരികൾ നിൽക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. 


ഇടുക്കിയിലെ ആന സഫാരി കേന്ദ്രങ്ങളെല്ലാം അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം.  സംഭവത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ഇടുക്കി സോഷ്യല്‍ ഫോറസ്റ്റ്ട്രി എസിഎഫിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


ഇന്നലെ വൈകുന്നേരം ആറുമണിയോടെ ആയിരുന്നു ആനയുടെ ആക്രമണം ഉണ്ടായത്. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. ബാലകൃഷ്ണനെ തട്ടി വീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.  ബാലകൃഷ്ണന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS