കേരളാ- തമിഴ്‌നാട് അതിർത്തിയിൽ കമ്പംമെട്ട് എട്ടേക്കറിൽ മലയാളി കുടുംബം താമസിക്കുന്ന സ്‌ഥലത്തിന് അവകാശവാദവുമായി തമിഴ്‌നാട് വനം വകുപ്പ്. സ്‌ഥലം അളന്ന് തിട്ടപ്പെടുത്താൻ ഭൂരേഖ തഹസിൽദാർക്ക് കരുണാപുരം വില്ലേജ് ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചു. കമ്പംമെട്ട്-വണ്ണപ്പുറം മലയോര ഹൈവേക്കു സമീപം പതിറ്റാണ്ടുകളായി വീടുകൾ നിലനിൽക്കുന്ന സ്‌ഥലത്താണ് തമിഴ്‌നാടിൻ്റെ അവകാശ വാദം.
സ്‌ഥലം തങ്ങളുടേതാണെന്നും ഒഴിഞ്ഞു പോകണമെന്നും വനം വകുപ്പ് ഉദ്യോഗസ്‌ഥർ പറഞ്ഞതോടെ ഇവിടെ താമസിക്കുന്ന നിർധന കുടുംബം കരുണാപുരം വില്ലേജ് ഓഫിസിൽ പരാതി നൽകി. തുടർന്നാണ് സ്ഥലം അളന്നു തിട്ടപ്പെടുത്താൻ കരുണാപുരം വില്ലേജ് ഓഫിസർ ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകിയത്. അച്ചാമ്മ വാഴക്കാലായിൽ എന്നയാൾക്ക് നാലു വർഷം മുൻപ് ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമിച്ച നൽകിയ വീടാണിത്. കരുണാപുരം പഞ്ചായത്ത് ഒൻപതാം വാർഡിൽ 675-ാം വീട്ടുനമ്പറിൽ സ്‌ഥിതി ചെയ്യുന്ന വീട് 2004ൽ കമ്പംമെട്ട് സ്വദേശിയിൽ നിന്നും ഇവർ വാങ്ങിയതാണ്.
ഒരു വർഷം മുൻപ് അച്ചാമ്മ മരണപ്പെട്ടു. നിലവിൽ അച്ചാമ്മയുടെ മകൾ ഏലിയാമ്മയും രണ്ടു മക്കളും പിതാവ് സുരേന്ദ്രനുമാണ് താമസക്കാർ. എന്നാൽ തമിഴ്‌നാട് വനംവകുപ്പ് രേഖാമൂലം അവകാശം ഉന്നയിച്ചിട്ടില്ല. പതിറ്റാണ്ടുകളായി വീടുകൾ നിലനിൽക്കുന്ന മേഖലയിലാണ് തമിഴ്‌നാടിൻ്റെ വിചിത്ര വാദം.