HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷം; സ്കൂളുകൾക്ക് നാളെ (09-09-2024) പ്രാദേശിക അവധി

തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷം; സ്കൂളുകൾക്ക് നാളെ (09-09-2024) പ്രാദേശിക അവധി

തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (09-09-2024) അവധി പ്രഖ്യാപിച്ചു. കോർപറേഷൻ പരിധിയിലെ സ്കൂളുകളുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കലക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു. കുടിവെള്ള പ്രശ്നം എപ്പോൾ തീരുമെന്ന് അറിയാത്ത സാഹചര്യത്തിലാണ് അധികൃതരുടെ നീക്കം. എന്നാൽ ഓണപ്പരീക്ഷ അടുത്ത സാഹചര്യത്തിൽ അവധി നൽകുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. 


നേരത്തെ വെള്ള പ്രശ്നം വൈകുന്നേരത്തോടെ പരിഹരിക്കപ്പെടുമെന്ന് അറിയിച്ചെങ്കിലും രാത്രിയായിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും ഒന്നര മണിക്കൂർ വേണമെന്നാണ് വി ശിവൻകുട്ടി പറയുന്നത്. അതേ സമയം, പൈപ്പ് മാറ്റിയിടൽ അവസാന ഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം കന്യാകുമാരി റെയിൽവെ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിന് വാട്ടര്‍ അതോറിറ്റി തുടങ്ങിവച്ച പണിയാണ് നഗരവാസികളെ നെട്ടോട്ടമോടിച്ചത്. നാൽപ്പത്തെട്ട് മണിക്കൂര്‍ പറഞ്ഞ പണി നാല് ദിവസമായിട്ടും തീര്‍ന്നില്ല. 


തിരുവനന്തപുരം നഗരസഭയിലെ നാൽപ്പത്തിനാല് വാര്‍ഡുകളിൽ ഇത്രയും ദിവസമായി തുള്ളി വെള്ളം എത്തിയില്ല. കനത്ത പ്രതിഷേധങ്ങൾക്കിടെ രാവിലെ തുടങ്ങിയ പരീക്ഷണ പമ്പിംഗ് വാൽവിലെ ചോര്‍ച്ചയെ തുടര്‍ന്ന് നിര്‍ത്തിവച്ചതോടെ അനിശ്ചിതത്വം കനത്തു. ടാങ്കറിൽ വെള്ളമെത്തിക്കുമെന്ന പ്രഖ്യാപനം പലയിടങ്ങളിലും വെറുംവാക്കായി. വെള്ളമില്ലാതെ വീടുപേക്ഷിച്ച് പോകേണ്ട ഗതികേടിലേക്ക് വരെ നാട്ടുകാരെത്തി. ജനപ്രതിനിധികളടക്കം പ്രതിഷേധമുയര്‍ത്തി.


 മണിക്കൂറുകളെടുത്താണ് ചോര്‍ച്ചയുള്ള വാൽവിൽ അറ്റകുറ്റപ്പണി നടത്തിയത്. പൈപ്പ് മാറ്റിയിടുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കി വേണം പമ്പിംഗ് തുടങ്ങാൻ. ആദ്യ മണിക്കൂറിൽ പൈപ്പ് ലൈൻ വൃത്തിയാക്കും. പിന്നീട് വേണം കുടിവെള്ളം എത്തിക്കാൻ. നഗരത്തിലെ കുടിവെള്ള പ്രതിസന്ധി പൂര്‍ണ്ണമായും പരിഹരിക്കാൻ ഇനിയും മണിക്കൂറുകളെടുക്കും. 


HONESTY NEWS IDUKKI

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA