HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പൂട്ടിയിട്ട വീട്, കല്യാണത്തിന് പോയി വന്നപ്പോൾ കണ്ടത് തകർന്ന മുൻ വാതിൽ; 14 പവനും പണവും മോഷ്ടിച്ചു

പൂട്ടിയിട്ട വീട്ടിൽ നിന്ന് 14 പവൻ സ്വർണവും പണവും മോഷണം പോയി

കണ്ണൂർ തളാപ്പിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 14 പവൻ സ്വർണവും പണവും മോഷണം പോയി. കോട്ടാമ്മാർകണ്ടിക്ക് സമീപം ഉമൈബയുടെ വീട്ടിലാണ് മോഷണം നടന്നത്. മോഷ്ടാക്കൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. തിങ്കളാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. വീട്ടുകാർ വാതിൽ പൂട്ടി ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു സംഭവം.


വീടിന്റെ മുൻവാതിൽ കുത്തിതുറന്നാണ് കള്ളൻ അകത്തുകയറിയത്. മുറികളിലെ അലമാരകളുടെ പൂട്ട് തകർത്ത് മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 12 സ്വർണ നാണയങ്ങളും 2 പവൻ മാലയും 88000 രൂപയും കവർന്നു. വീട്ടുടമസ്ഥൻ ഉമൈബയും കുടുംബവും വിദേശത്താണ്. ഉമൈബയുടെ മകൻ നാദിർ തന്‍റെ സുഹൃത്തിന്റെ കല്യാണത്തിൽ പങ്കെടുക്കാനായി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയിരുന്നു. 


ചെറുകുന്നിലെ കല്യാണത്തിൽ പങ്കെടുക്കാനായി തലേദിവസം വാതിൽ പൂട്ടി പോയതാണ് നാദിർ. വിവാഹ ആഘോഷം കഴിഞ്ഞ് നാദിർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA