HONESTY NEWS ADS

𝐌𝐊𝐌 𝐏𝐎𝐋𝐘𝐂𝐋𝐈𝐍𝐈𝐂𝐒 𝐀𝐍𝐃 𝐃𝐈𝐀𝐁𝐄𝐓𝐄𝐒 𝐂𝐄𝐍𝐓𝐑𝐄  NEAR HOLDIAY HOME,KK ROAD KUMILY 𝐏𝐇: 𝟗𝟐𝟎𝟕𝟖𝟐𝟑𝟖𝟓𝟔

നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ; യുഡിഎഫ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി; സഭ പിരിഞ്ഞു

നിയമസഭയിൽ സ്പീക്കറും പ്രതിപക്ഷ നേതാവും നേർക്കുനേർ

നിയമസഭയിൽ സ്പീക്കർ തൻ്റെ പ്രസംഗം തുടർ‍ച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ്. ഇന്ന് അടിയന്തിര പ്രമേയം അവതരണത്തിനിടെയാണ് സംഭവം. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതോടെ സഭ കലുഷിതമായി. ഇതോടെ സഭയിലെ ഓഡിയോ മ്യൂട് ചെയ്തു. പിന്നീട് സഭാ നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാ‍ർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.


എസ്‌സി - എസ്‌ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും സ്കോളർഷിപ്പുകൾക്കുമായുള്ള പദ്ധതി വിഹിതം സംസ്ഥാന ബജറ്റിൽ വെട്ടിക്കുറച്ചെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗം എപി അനിൽകുമാർ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. സർക്കാരിൻ്റെ മുൻഗണന ലിസ്റ്റിൽ  പിന്നാക്ക വിഭാഗങ്ങൾ ഇല്ലെന്നും ഇടതു സർക്കാർ ദളിത് ആദിവാസി വിരുദ്ധ സർക്കാരാണെന്നും കുറ്റപ്പെടുത്തിയ അനിൽകുമാർ, കിഫ്‌ബി ഫണ്ടു വഴിയുള്ള പദ്ധതികളിലും എസ്‌സി - എസ്‌ടി വിഭാഗങ്ങളെ അവഗണിക്കുന്നുവെന്ന് വിമർശിച്ചു.


ഒന്നും നടക്കുന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നായിരുന്നു മന്ത്രി കേളുവിൻ്റെ വിശദീകരണം. വരുമാന പരിധി നോക്കാതെയാണ് കുട്ടിക്കൾക്ക് ആനുകൂല്യം നൽകുന്നത്. ബില്ല് വരുന്നത് അനുസരിച്ചാണ് തുക അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര പ്രമേയം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വിമർശിച്ച് മന്ത്രി കെഎൻ ബാലഗോപാലും രംഗത്ത് വന്നു. ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് വരുത്തി തീർക്കാനാണ് ശ്രമം. പിന്നോക്ക വിഭാഗങ്ങൾക്ക് സംസ്ഥാനം മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.


പിന്നീട് സംസാരിച്ച പ്രതിപക്ഷ നേതാവ്  ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ദളിത് വിഭാഗത്തെ ബാധിച്ചുവെന്ന് വിമർശിച്ചു. വർഷാവർഷം ഈ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന തുക വർധിപ്പിക്കേണ്ടതാണ്. എന്നാൽ ഒരു മാറ്റവും ഇല്ലാതെയാണ് ബജറ്റ് വിഹിതം. ജനുവരി 22 നു ഇറക്കിയ ഉത്തരവിൽ പദ്ധതി വിഹിതം വേട്ടിക്കുറച്ചത് വ്യക്തമാക്കുന്നുണ്ട്. ജനുവരി 25 നു വീണ്ടും വെട്ടിക്കുറച്ച് ഉത്തരവിറക്കി. മുൻഗണന പുതുക്കി എന്നാണ് സർക്കാർ ന്യായീകരണം. എസ്‌സി എസ്‌ടി വിഭാഗത്തിന് ലൈഫ് മിഷൻ പദ്ധതിക്കായി നീക്കിവച്ച 140 കോടി രൂപയിൽ ഒരു രൂപ പോലും ചിലവാക്കിയില്ല. ഹോസ്റ്റൽ ഫീസ് കൊടുക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികൾ അപമാനിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


ഇതിനിടെയാണ് പ്രസംഗം ചുരുക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രംഗത്ത് വന്നത്. സ്പീക്കർ ഇടപ്പെട്ടതിൽ രോഷാകുലനായ പ്രതിപക്ഷ നേതാവ് ഇതോടെ ചെയറിനെതിരെ തിരിഞ്ഞു. എന്തിന് ഇങ്ങനെ തടസ്സപ്പെടുത്തുന്നുവെന്ന് സ്പീക്കറോട് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒൻപത് മിനിറ്റ് നേരം പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ചെയർ തടസപ്പെടുത്തിയില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. അത് ഔദാര്യമല്ലെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു. ഈ വാക്പോര് രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷത്ത് നിന്നുള്ള അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി. ഇവരോട് സ്പീക്കർ തിരികെ സീറ്റിലേക്ക് പോകാൻ ആവശ്യപ്പെട്ടെങ്കിലും അംഗങ്ങൾ തയ്യാറായില്ല. ഇത് തുടരുന്നതിനിടെ സഭയിലെ മൈക്കുകൾ മുഴുവൻ മ്യൂട്ട് ചെയ്തു. സഭ ടിവിയിൽ സ്പീക്കറെ മാത്രമാണ് ഈ സമയത്ത് കാണിച്ചത്.


അംഗങ്ങളെ ഇരിപ്പിടത്തിലേക്ക് പ്രതിപക്ഷ നേതാവ് തിരിച്ചുവിളിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും വിഡി സതീശൻ ഗൗനിച്ചില്ല. പ്രതിഷേധം അവസാനിപ്പിക്കാതെ പ്രതിപക്ഷ എംഎൽഎമാർ നടുത്തളത്തിൽ തുടർന്നതോടെ ഇത് വകവെക്കാതെ സ്പീക്കർ സഭാ നടപടികളിലേക്ക് കടന്നു. അംഗങ്ങളോട് ഹെഡ്സെറ്റ് വച്ച് സഭാ നടപടികളിൽ ശ്രദ്ധിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടു. വിവിധ ധനാഭ്യർത്ഥനകൾ പാസാക്കി സഭ നടപടികൾ നേരത്തെ പൂർത്തിയാക്കാനാണ് പിന്നീട് സ്പീക്കർ ശ്രമിച്ചത്. സംസ്ഥാന വയോജന കമ്മീഷൻ ബിൽ, 2024 വ്യാവസായിക അടിസ്ഥാന  സൗകര്യ വികസന ഭേദഗതി ബിൽ എന്നിവ സബ്‌ജക്‌ട് കമ്മിറ്റിക്ക് വിട്ട ശേഷം അന്തിമ ധനാഭ്യർത്ഥന ചർച്ചയില്ലാതെ പാസാക്കി. നടപടികൾ വേഗം പൂർത്തിയാക്കി സഭ  പിരിയുകയായിരുന്നു. ഇതോടെ അംഗങ്ങൾ സഭ വിട്ടു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS